മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സമൻസ് അയച്ചത്. ഒക്ടോബർ 27 ന് ഹാജരാകണമെന്നാണ് നിർദേശം. കേസിൽ നേരത്തെ ഇൻഫോപാർക്ക് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിന്റെ വിചാരണ നടപടികൾക്ക് മുന്നോടിയായാണ് ഉണ്ണി മുകുന്ദനോട് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.
സ്വഭാവിക നടപടിയാണ്. കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിൽ കേസിലെ പ്രതി കോടതിയിൽ ഹാജരായി ജാമ്യം എടുക്കണം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. മുൻ മാനേജർ എന്ന് വിശേഷിപ്പിക്കുന്ന വിപിനെ വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് പരാതിയും എഫ്ഐആറും. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഉണ്ണി മുകുന്ദൻ രൂക്ഷമായ മർദനം നടത്തിയിട്ടില്ല എന്നാണ് കുറ്റപത്രം.
വിപിൻകുമാർ മുൻമാനേജർ ആണെന്ന വാദം ഉണ്ണി മുകുന്ദൻ പൂർണമായും തള്ളിയിരുന്നു. 2018 ൽ പിആർഒ എന്ന നിലയിലാണ് പരിചയപ്പെട്ടത് ഇതുവരെ പേഴ്‌സണൽ മാനേജരായി നിയമിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. വിപിനെ താൻ തല്ലിയിട്ടില്ലെന്നും പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
Actor Unni Mukundan summoned by court in case of assaulting former manager