കോടിത്തിളക്കവുമായി 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര' ദേശങ്ങള്‍ കടന്ന് വിജയയാത്ര തുടരുകയാണ്. നായികാപ്രാധാന്യമുള്ള ഒരു തെന്നിന്ത്യന്‍ സിനിമ ബോക്‌സോഫീസില്‍ കോടികള്‍ കൊയ്യുന്ന അപൂര്‍വകാഴ്ച. മലയാളസിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ഈ സൂപ്പര്‍ വുമണ്‍ ചിത്രത്തിന്റെ എഴുത്തില്‍ കരുത്തുപകര്‍ന്ന വണ്ടര്‍ വുമണാണ് ശാന്തി ബാലചന്ദ്രന്‍. സംവിധായകന്‍ ഡൊമിനിക് അരുണും നടി ശാന്തി ബാലചന്ദ്രനും ചേര്‍ന്നാണ് ലോകയ്ക്ക് തിരക്കഥയൊരുക്കിയത്.
2017-ല്‍ ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത് ടൊവിനോ നായകനായ 'തരംഗം' എന്ന ചിത്രത്തിലൂടെയാണ് ശാന്തി മലയാളത്തിലേക്കെത്തുന്നത്. ജല്ലിക്കെട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, രണ്ടുപേര്‍, ഗുല്‍മോഹര്‍, എന്നെന്നും, സ്വീറ്റ് കാരം കോഫി, ദി ക്രോണിക്കിള്‍സ് ഓഫ് ദി 4.5 ഗ്യാങ്...തുടങ്ങി വ്യത്യസ്തമായ സിനിമകളിലും സീരീസുകളിലും ശാന്തി മികച്ചുനിന്നു. തിരക്കഥാകൃത്തായും സഹസംവിധായകയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും തിയേറ്റര്‍ ആര്‍ട്ടിസ്റ്റായുമൊക്കെ കലാജീവിതം ആഘോഷിക്കുന്ന തിരക്കിലാണവര്‍. ലോകയുടെ അപ്രതീക്ഷിതമായ വിജയത്തിന്റെ നിറവില്‍ ശാന്തി ബാലചന്ദ്രന്‍ സംസാരിക്കുന്നു.
ആദ്യ ഷോ കഴിഞ്ഞ് മാധ്യമങ്ങളോടു പ്രതികരിക്കവേ പെട്ടെന്ന് കല്യാണി ക്യാമറയ്ക്കുമുന്നിലേക്കു വന്ന് സിനിമയിലെ എന്റെ സംഭാവനയെപ്പറ്റിയും പങ്കിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. അത് മറക്കാന്‍ പറ്റില്ല. അതുപോലെ ഹൈദരാബാദില്‍ പ്രൊമോഷന് പോയപ്പോള്‍ അവിടത്തെ വേദിയില്‍വെച്ച് ദുല്‍ഖര്‍ പ്രസംഗിച്ചതും മറക്കാനാവില്ല.
സ്ത്രീപക്ഷത്തുനിന്നുകൊണ്ട് പുതുമയോടെ കഥയൊരുക്കിയതിന് ദുല്‍ഖര്‍ അഭിനന്ദനമറിയിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും അവരുടെ കഴിവുകളില്‍ വിശ്വാസമര്‍പ്പിക്കുന്നതുമൊക്കെ വലിയ കാര്യമാണ്. ദുല്‍ഖറില്‍നിന്ന് നല്ല വാക്കുകള്‍ കേട്ട ആ നിമിഷം എന്നും ഹൃദയത്തിലുണ്ടാവും.
അദ്ദേഹം നല്ലൊരു നിര്‍മാതാവാണ്. ഞങ്ങളില്‍ അദ്ദേഹത്തിന് പൂര്‍ണവിശ്വാസമുണ്ടായിരുന്നു. സിനിമയുടെ റിലീസിന്റെ അന്ന് അദ്ദേഹത്തിന് ഞാന്‍ മെസേജ് അയച്ചിരുന്നു. 'ഞാന്‍ അഭിനയിച്ച സിനിമകള്‍ റിലീസാകുമ്പോള്‍പ്പോലും തോന്നാതിരുന്ന ഉത്കണ്ഠയും പിരിമുറുക്കവുമാണ് ലോക റിലീസാകുമ്പോള്‍ തോന്നുന്നത്. ഇന്ന് താങ്കള്‍ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ഉറങ്ങാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു' എന്നാണ് ഞാനയച്ചത്. ഈ സന്ദേശത്തിന് അദ്ദേഹം മനോഹരമായൊരു മറുപടിയും നല്‍കി.
'പതിവിനു വിപരീതമായി ഇന്ന് ഈ സിനിമയെക്കുറിച്ച് എനിക്ക് ഉത്കണ്ഠയില്ല. കാരണം, എല്ലാവരും ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. പ്രേക്ഷകര്‍ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്നോ, ഇനിയെന്തു സംഭവിക്കുമെന്നോ അറിയില്ല. എന്നാല്‍, ലോക നമ്മളെല്ലാവരും സത്യസന്ധമായി ചെയ്ത സിനിമയാണ്.' -ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ വാക്കുകള്‍ വലിയ ആശ്വാസമാണ് പകര്‍ന്നത്. സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും അധ്വാനം എത്രത്തോളമെന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്നാണ് എന്റെ സഹോദരന്‍ പറഞ്ഞത്. ഈ വാക്കുകളെല്ലാം ഏറെ പ്രിയപ്പെട്ടതാണ്.
That moment when I heard kind words from Dulquer will always be in my heart Shanthi Balachandran