Sep 6, 2025 01:39 PM

(moviemax.in)രണ്ടാം തവണയും മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് സ്വന്തമാക്കി നടൻ ടൊവിനോ തോമസ്. 'നരിവേട്ട' എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് 2025ലെ മികച്ച ഏഷ്യൻ നടനുള്ള അവാർഡ് ടൊവിനോ സ്വന്തമാക്കിയത്. '2018' എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് ആദ്യം ടൊവിനോ ഈ പുരസ്കാരം നേടിയത്. വിജയ് സേതുപതി, ആരം സബ്ബ, മഹ്മൂദ് ബക്രി, മിസ്സാഘ് സാരെ, നിമാ സദ്ര്, വാൻലോപ്പ് റുങ്കുംജാഡ്, ജെറോം കുർനിയ എന്നിവരോട് മത്സരിച്ചാണ് ടൊവിനോ ഈ വർഷം അവാർഡ് കരസ്ഥമാക്കിയത്.

അനുരാജ് മനോഹർ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ 'നരിവേട്ട' മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രമായാണ് ടോവിനോ വേഷമിട്ടത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിച്ചത്.

വളരെ പ്രസക്തമായ വിഷയം ചർച്ച ചെയ്ത ചിത്രത്തിൻ്റെ ഹൈലൈറ്റ് തന്നെ ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്.

തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറി. അടുത്തിടെ റിലീസ് ചെയ്ത "ലോക" എന്ന ഹിറ്റ്‌ ചിത്രത്തിലും ചെറുതെങ്കിലും നിർണ്ണായകമായ ഒരു വേഷം ചെയ്ത്, പ്രകടന മികവിലൂടെ വലിയ പ്രേക്ഷക പ്രശംസയാണ് ടൊവിനോ തോമസ് നേടുന്നത്.

Tovino Thomas wins Septimius Award for Best Asian Actor

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall