Sep 3, 2025 11:22 AM

അഭിനയിക്കുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ട് അവതരിപ്പിക്കാന്‍ പ്രയാസമുള്ള പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ലളിതമെന്ന് തോന്നാറുണ്ടെന്ന് സംവിധായകരടക്കം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം ഹൃദയപൂര്‍വ്വത്തെക്കുറിച്ച് ഒരു ഹോമിയോ ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ, നട്ടെല്ലിന് പരിക്കേല്‍ക്കുന്ന സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നടുവേദനയുള്ള ആളായി മോഹന്‍ലാല്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡോ. ബിജു ജി നായരാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തന്‍റെ 32 വര്‍ഷത്തെ ചികിത്സാനുഭവത്തിനിടെ ഇത്തരത്തിലുള്ള നിരവധി പേരെ കണ്ടിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.

ഡോ. ബിജു ജി നായരുടെ കുറിപ്പ്

“ഇതൊരു ഫിലിം റിവ്യൂ അല്ല. ഫിലിം റിവ്യൂ ചെയ്യാനുള്ള റേഞ്ച് ഒന്നും ഇല്ലാത്ത ഒരു പ്രേക്ഷകനാണ് ഞാൻ. ഇതിൽ നടുവേദനയുള്ള ഒരാളുടെ മാനറിസങ്ങൾ എത്ര പെർഫെക്റ്റായാണ് ലാലേട്ടൻ ചെയ്തിരിക്കുന്നത് എന്നത് ഏറെ അത്ഭുതപ്പെടുത്തി. കഴിഞ്ഞ 32 വർഷത്തെ ചികിത്സാനുഭവത്തിനിടയിൽ ഇതുപോലെയുള്ള എത്രയോ പേരെ കണ്ടത് ഓർമ്മ വന്നു. ഇനി ശരിക്കും പ്രോബ്ലം ഉണ്ടോ എന്ന് വരെ തോന്നിപ്പോയി. ഒരു പടിക്കെട്ട് ഇറങ്ങി വരുന്ന സീൻ ഉണ്ട്.. ഒരിക്കലും മറക്കില്ല. നല്ല സിനിമ എന്ന് പ്രത്യേകം എടുത്തു പറയുന്നില്ല. ഓരോ പ്രാവശ്യവും കാണുമ്പോൾ അഭിനയത്തിന്റെ വിസ്മയമായി ലാലേട്ടൻ ഞെട്ടിക്കുന്നുവെന്നത് പറയാതെ വയ്യ.”

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. അഖിൽ സത്യൻ്റേതാണു കഥ. ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ഓണം റിലീസ് ആയി ഓ​ഗസ്റ്റ് 28 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.






Doctor on Mohanlal's performance in Hridayapoorvam

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall