( moviemax.in ) ദിലീപ് എന്ന നടൻ തന്റെ കരിയറിന്റെ പീക്ക് സമയത്ത് ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. തിളക്കം, കുഞ്ഞിക്കൂനൻ, പച്ചക്കുതിര, മായാമോഹിനി, തുടങ്ങിയ ഒട്ടേറെ സിനിമകളിൽ താരത്തിന്റെ ഈ പകർന്നാട്ടം പ്രേക്ഷകർ കണ്ടിട്ടുണ്ട്. പക്ഷെ, ദിലീപ് കഥാപാത്രങ്ങൾ എടുത്താൽ എന്നും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് ചാന്തുപൊട്ട് എന്ന ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലെ രാധാകൃഷ്ണൻ എന്ന രാധയായുള്ള നടന്റെ പ്രകടനമാണ്.
താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നാണ് ചാന്തുപൊട്ടിലേത് എന്ന് നിസ്സംശയം പറയാമെങ്കിലും, ആ സിനിമയെ കുറിച്ചും, അത് നൽകുന്ന സന്ദേശത്തെ കുറിച്ചും, ഇന്നും വിഭിന്നമായ അഭിപ്രായങ്ങളാണ് പ്രേക്ഷകർക്ക്. ദിലീപ് മികച്ച അഭിനയം കാഴ്‌ചവച്ചുവെങ്കിലും, സ്ത്രൈണയതയുള്ള രാധാകൃഷ്ണനെ 'ചാന്തുപൊട്ട്' ആക്കുകയും, അയാൾ അവസാനം ഒരു ഒത്ത പുരുഷനായി തീരുന്നതായി കാണിക്കുകയും ചെയ്ത ചിത്രം, എൽ.ജി.ബി.ടി.ക്യൂ അംഗങ്ങളിൽ നിന്ന് ഏറെ വിമർശനങ്ങൾ നേരിട്ടു.
ഭിന്നലിംഗക്കാരെ കുറിച്ച് വന്നിട്ടുള്ള ഏറ്റവും വികലമായ സിനിമകളിൽ ഒന്നായാണ് ലാൽ ജോസ് ചിത്രത്തെ ഇന്നും ചില പ്രേക്ഷകരെങ്കിലും കാണുന്നത്. ചിത്രത്തിൽ ദിലീപിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്ന 'ചാന്തുപൊട്ട്' എന്ന വാക്ക്, ക്രമേണ സ്ത്രൈണയതയുള്ള പുരുഷന്മാരെ പരിഹസിക്കാൻ മലയാളി സമൂഹം ഉപയോഗിക്കുന്ന ഒരു വടിയായി മാറി എന്നത് ദുഖകരമായ ഒരു സത്യമാണ്. ഈ സിനിമയിലെ പ്രകടനത്തിന് ദിലീപ് മികച്ച നടനുള്ള കേരളം സ്റ്റേറ്റ് ഫിലിം അവാർഡ് നേടുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചിരുന്നുവെങ്കിലും, അത് സംഭവിച്ചില്ല.
മുൻപൊരിക്കൽ സില്ലി മോങ്ക്സ് മോളിവുഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ഇതേ കുറിച്ച് സംവിധായകൻ ലാൽ ജോസ് മനസ്സ് തുറന്നിരുന്നു. "കേരള സ്റ്റേറ്റ് അവാർഡ് വന്നപ്പോൾ, ഭൂരിഭാഗം പേരും ദിലീപിന് മികച്ച നടനുള്ള അവാർഡ് കൊടുക്കണം എന്ന് പറഞ്ഞപ്പോൾ, നമ്മളുടെ വളരെ വേണ്ടപ്പെട്ട ചില ആളുകൾ തന്നെയാണ് "അത് മികിക്രിയാണ്... ഒരുപാട് പേര് മിമിക്രിയിൽ ഇത് ചെയ്യാറുള്ളത് കണ്ടിട്ടുണ്ട്. അത് അത്ര വലിയ കാര്യമൊന്നുമല്ല," എന്ന് പറഞ്ഞത്," നിരാശയോടെ സീനിയർ സംവിധായകൻ ഓർത്തെടുത്തു.
"ദിലീപ് ആ റോൾ ചെയ്തിരിക്കുന്നത് കാണണം. അദ്ദേഹം ഫൈറ്റ് ചെയ്യുമ്പോൾ, ഡാൻസ് ചെയ്യുമ്പോൾ, ഒക്കെ ഒരു മില്ലിമീറ്റർ പോലും ആ കഥാപാത്രത്തിൽ നിന്ന് മാറിപ്പോയിട്ടില്ല," അഭിമാനത്തോടെ ലാൽ ജോസ് അടുത്ത സുഹൃത്തിന്റെ പ്രകടനത്തെ കുറിച്ച് ഓർത്തെടുത്തു. ഏതാണ്ട് അറുപത് ദിവസങ്ങൾ നീണ്ടു നിന്ന ഷൂട്ടിങ് കഴിഞ്ഞ് ഒരിക്കൽ ദിലീപിന്റെ റൂമിലേക്ക് ചെന്നപ്പോൾ, ചാന്തുപൊട്ടിലെ രാധ ഉറങ്ങുന്നത് പോലെയാണ് നടൻ ഉറങ്ങിക്കിടന്നിരുന്നത് എന്നും സംവിധായകൻ വെളിപ്പെടുത്തി. ആ കഥാപാത്രത്തെ തന്നിൽ നിന്നും ഇറക്കി വിടാൻ വേണ്ടി, അവസാനം ദിലീപിന് ആയുർവേദ ഉഴിച്ചിൽ നടത്തേണ്ടി വന്നു.
dileep was about to win bestactor award for chanthupottu reveals laljose