(moviemax.in) പ്രേക്ഷക പ്രിയ ടെലിവിഷൻ ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ഫ്രൈഡേ സര്‍പ്രൈസ്. സാധാരണ എല്ലാ ആഴ്ചയും ശനി, ഞായര്‍ ദിവസങ്ങളിലാണ് അവതാരകനായ മോഹന്‍ലാല്‍ മത്സരാര്‍ഥികളെ കാണാന്‍ എത്താറെങ്കില്‍ ഇക്കുറി അദ്ദേഹം എത്തിയത് വെള്ളിയാഴ്ചയായ ഇന്നലെയാണ്. അതും വീഡിയോ കോളിലൂടെ. അദ്ദേഹം അമേരിക്കന്‍ യാത്രയില്‍ ആയതാണ് കാരണം. വീഡിയോ കോളിലൂടെ ആണെങ്കിലും കഴിഞ്ഞ ഒരാഴ്ചത്തെ ഹൗസിലെ പ്രധാന സംഭവങ്ങള്‍ അദ്ദേഹം ഫലപ്രദമായി ചര്‍ച്ച ചെയ്തു. മത്സരാര്‍ഥികളെ വിമര്‍ശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ വാരാന്ത്യത്തിലെ എവിക്ഷന്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച കാര്യം തെറ്റാണെന്നും തെളിഞ്ഞു.
കഴിഞ്ഞ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആര്യന്‍ ഈ വാരം പുറത്താവുമെന്നായിരുന്നു ഇന്നലെ വൈകുന്നേരം ഉണ്ടായ പ്രചരണം. എന്നാല്‍ മത്സരാര്‍ഥികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് ഈ വാരം എവിക്ഷന്‍ ഉണ്ടാവില്ലെന്ന് മോഹന്‍ലാല്‍ അവരെ അറിയിച്ചു. താന്‍ സ്ഥലത്തില്ലാത്തതിനാലും ഓണക്കാലം ആയതിനാലും താന്‍ ബിഗ് ബോസിനോട് സംസാരിച്ചാണ് ഈ വാരാന്ത്യത്തിലെ എവിക്ഷന്‍ ഒഴിവാക്കിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം അഞ്ചാം വാരത്തിലേക്കുള്ള നോമിനേഷന്‍ ഇന്ന് തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.
എവിക്ഷന്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ് അതേപടി തുടരും. ഒപ്പം രണ്ട് പേര്‍ കൂടി അതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. അഭിലാഷ്, ഒനീല്‍ സാബു, രേണു സുധി, ആദില, നൂറ (ഇപ്പോള്‍ രണ്ട് മത്സരാര്‍ഥികള്‍), ബിന്നി, ആര്യന്‍ എന്നിവയാണ് പോയ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം ശിക്ഷാനടപടി എന്ന നിലയ്ക്ക് മോഹന്‍ലാല്‍ രണ്ട് പേരുടെ പേരുകള്‍ കൂടി ഇവര്‍ക്കൊപ്പം നോമിനേഷന്‍ ലിസ്റ്റിലേക്ക് നിര്‍ദേശിച്ചു. അനുമോളും ജിസൈലുമാണ് അത്.
കഴിഞ്ഞ വാരം ഇരുവര്‍ക്കുമിടയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ജിസൈല്‍ ലിപ്സ്റ്റിക്ക് ഇപ്പോഴും ഉപയോഗിക്കുന്നു എന്നത് തെളിയിക്കാന്‍ അത് ചുണ്ടില്‍ നിന്ന് ഒപ്പിയെടുക്കാന്‍ ടിഷ്യു പേപ്പറുമായി അനുമോള്‍ പോയതോടെയാണ് പ്രശ്നമുണ്ടായത്. അപ്രതീക്ഷിതമായി അനുമോള്‍ ഇത് ചെയ്തതോടെ ജിസൈല്‍ അനുമോളെ പിടിച്ചുതള്ളുകയായിരുന്നു. ഇരുവരെയും കാര്യത്തിന്‍റെ ഗൗരവും പറഞ്ഞ് മനസിലാക്കിയ മോഹന്‍ലാല്‍ രണ്ട് പേരെയും നോമിനേഷനിലേക്ക് ഇടുകയാണെന്നും പറഞ്ഞു. ഇതോടെ അടുത്ത വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചവരുടെ എണ്ണം ഒന്‍പത് ആയി.
Friday Surprise in Bigg Boss Malayalam Season 7