( moviemax.in ) രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച നടപടിയെ അഭിനന്ദിക്കണമെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. കോണ്‍ഗ്രസിന്റേത് മഹത്തായ തീരുമാനമാണെന്നും അഖില്‍ പ്രശംസിച്ചു. രാഹുലിനെതിരേ ഒന്നിലേറെ പെണ്‍കുട്ടികള്‍ തന്നോടും സംസാരിച്ചിട്ടുണ്ട്. എന്നാല്‍, നിയമപരമായി പോവാത്തിടത്തോളം കാലം ഇതൊന്നും പൊതുമധ്യത്തില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമൊന്നുമില്ലെന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.
അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലെ വാക്കുകള്‍:
ഇതിന് മുമ്പും ഇത്തരം ചില പരാതികള്‍ വ്യക്തിപരമായി ഞാനും കേട്ടിട്ടുണ്ട്. എന്നോടും ചില ആളുകള്‍ രാഹുല്‍ ഇങ്ങനെ മെസേജ് അയക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരാള്‍ മെസേജ് അയക്കുന്നത് ഈ രാജ്യത്ത് നിയമപരമായി തെറ്റല്ലാത്തതുകൊണ്ട് വിഷയത്തെ ഞാന്‍ തട്ടിക്കളഞ്ഞു. എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. പുള്ളി നല്ല കക്ഷിയാണോ, ഇങ്ങനെ മെസേജ് അയക്കുന്നുണ്ടല്ലോ, പുള്ളി എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല എന്ന് സംശയങ്ങള്‍ ചോദിച്ചവരുണ്ട്. ഒന്നിലധികം ആള്‍ക്കാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നുണ്ട്, അയാളുടെ സ്വഭാവം ശരിയല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ സ്വാഭാവികമായി നിങ്ങള്‍ പറയും രാഹുലിനോടുള്ള അസൂയകൊണ്ടാണ്, വളര്‍ന്നുവരുന്ന ചെറുപ്പക്കാരനെ തകര്‍ക്കാനായി എന്തിനാണ് അഖില്‍ മാരാരേ നിങ്ങള്‍ നില്‍ക്കുന്നത് എന്നൊക്കെ പറയും. നിയമപരമായി ഒരു പെണ്‍കുട്ടി കേസുമായി പോവാത്തിടത്തോളം കാലം ഇതൊന്നും പൊതുമധ്യത്തില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമൊന്നുമില്ല.
കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം മഹത്തായ തീരുമാനം എടുത്ത സന്ദര്‍ഭത്തില്‍ അവരെ അഭിനന്ദിക്കുക എന്നല്ലാതെ മറ്റൊന്നും പറയാനില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നത് കേരളത്തിലെ ഏതൊരു യുവനേതാവിനെ സംബന്ധിച്ചും സ്വപ്‌നതുല്യമായ സ്ഥാനമാണ്. അര്‍ഹതയുടെ അളവുകോല്‍വെച്ച് പരിശോധിച്ചാല്‍ രാഹുലിനേക്കാള്‍ അര്‍ഹരായവര്‍ വേറെയുണ്ടായിരിക്കെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിച്ച ഒരാള്‍ കൂടിയാണ് രാഹുല്‍.
എനിക്കുതന്നെ അറിയാവുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളേക്കാളും മുകളിലേക്ക് എത്തിച്ചേരാന്‍ രാഹുലിന് സാധിച്ചത് സംസാരിക്കാനും ആര്‍ജവത്തോടെ ഇടതുപക്ഷത്തെ ആക്രമിക്കാനുമുള്ള കഴിവുകൊണ്ടായിരുന്നു. മറ്റൊരാള്‍ക്ക് മുകളിലേക്ക് രാഹുല്‍ എത്തിയത് കഴിവുകൊണ്ടുതന്നെയാണ്. രാഹുല്‍ ഉയരങ്ങളിലേക്ക് പോയത് കഴിവുകൊണ്ടും അതേ ഉയരത്തില്‍നിന്ന് താഴേക്ക് വീണത് ............ കൊണ്ടുമാണെന്നും പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
കുറഞ്ഞ പക്ഷം താനിരിക്കുന്ന പദവിയുടെ വലുപ്പം മനസിലാക്കി, ഭാവി സാധ്യതകളെ മനസിലാക്കി, മുന്നോട്ടുപോയാല്‍ കേരളത്തില്‍ ഒരു മന്ത്രിയും മുഖ്യമന്ത്രിയും ആവാന്‍ സാധ്യതയുള്ള സ്ഥാനത്തുനിന്നും പടുമരണം പോലെ വീഴാന്‍ കാരണമായത് എന്താണെന്ന് രാഹുല്‍ ഒരു നിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വഭാവദൂഷ്യം, നിയമപരമായി ഈ രാജ്യത്ത് കുറ്റമൊന്നുമല്ല. രാഹുലിനെ ഒരാള്‍ക്ക് വിമര്‍ശിക്കാന്‍ യോഗ്യത കേരളത്തില്‍ എത്രപേര്‍ക്കുണ്ടെന്ന് ചോദിച്ചാല്‍, ഒരുരാഷ്ട്രീയപ്പാര്‍ട്ടിയില്‍പ്പെട്ടവര്‍ക്കും ഹൃദയത്തില്‍ തട്ടി വിമര്‍ശിക്കാന്‍ പറ്റണമെന്നില്ല. മറ്റ് മേഖലയില്‍പ്പെട്ടവര്‍ക്കും നിങ്ങള്‍ക്കും പറ്റണമെന്നില്ല. എപ്പോഴൊക്കെയോ നമ്മളൊക്കെ തന്നെ സ്വകാര്യതയില്‍ അടുപ്പം കാണിച്ചവരോടൊക്കെ വളരേ തുറന്ന് സംസാരിക്കുന്ന സമീപനം കാണിച്ചിട്ടുണ്ട്.
പദവി മനസിലാക്കാതെ സ്ത്രീകളെ ശരീരമായി മാത്രം കണ്ട് പെരുമാറാന്‍ ശ്രമിച്ചതാണ് രാഹുലിന് പറ്റിയ പ്രശ്‌നം. ജനപ്രതിനിധി എന്ന നിലയില്‍ ഏതൊരു വീട്ടിലേക്കും അയാള്‍ക്ക് കയറിച്ചെല്ലുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. തന്റെ രക്ഷകനായി വീട്ടിലേക്കു വരുന്ന എംഎല്‍എ, ഈ വീട്ടില്‍ വന്നു കയറി തന്റെ ഭാര്യ- അമ്മ- മകള്‍ തുടങ്ങിയവരോട് എപ്രകാരമാണ് പെരുമാറുന്നതെന്ന സംശയം പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടായി. അതുകൊണ്ടാണ് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രസ്ഥാനം ഇത്രയും ധീരമായ നടപടി അയാള്‍ക്കെതിരെ സ്വീകരിച്ചത്.
ഒരുപാട് രാഷ്ട്രീയനേതാക്കന്മാര്‍ക്ക് സ്ത്രീവിഷയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗണേഷ് കുമാര്‍ എന്ന മന്ത്രിക്കുനേരെ എന്തെല്ലാം രീതിയിലുള്ള മോശമായ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്? അത് വിമര്‍ശനവിധേയമാക്കണമെന്ന് ഞാന്‍ ഒരിക്കല്‍ പോലും പറയില്ല. മന്ത്രി എന്ന നിലയില്‍ നാടിന് ഗുണകരമായി എന്ത് ചെയ്യുന്നു എന്നാണ് നമ്മള്‍ നോക്കുന്നത്.
ഉയര്‍ച്ചയില്‍ നില്‍ക്കുന്ന ഒരാളെ ഏതുവിധേനയും വീഴ്ത്താനുള്ള ആയുധമായി മാറരുത് നമ്മുടെ ശബ്ദവും പ്രതിഷേധവും. ഞാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കുകയാണെന്ന് ഒരാളും ചിന്തിക്കരുത്. നമ്മള്‍ എപ്പോഴും ശബ്ദം ഉയര്‍ത്തേണ്ടത് നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടിയാവണം. ഇവിടെ നീതി നിഷേധിക്കപ്പെട്ടത് സ്ത്രീകള്‍ക്കാണെങ്കില്‍ അവര്‍ക്കൊപ്പം നമ്മള്‍ ഉറച്ചുനില്‍ക്കണം. നീതി നിഷേധിക്കപ്പെടുന്നത് പുരുഷനാണെങ്കില്‍ അവനൊപ്പം നില്‍ക്കണം. നിയമം അനുശാസിക്കുന്ന ആനുകൂല്യത്തിന്റെ ബലത്തില്‍ ഒരു സ്ത്രീ പുരുഷനെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ സ്ത്രീപുരുഷഭേദമന്യേ അയാള്‍ക്ക് നമ്മള്‍ പൂര്‍ണ പിന്തുണ കൊടുക്കണം. ഞാനെല്ലാ കാലത്തും അഭിമാനത്തോടും ആര്‍ജവത്തോടും സംസാരിച്ചിട്ടുള്ളത് സത്യത്തിനു വേണ്ടിയാണ്. സത്യത്തിനുവേണ്ടി നിലകൊളളുക എന്നതാണ് എന്റെ രാഷ്ട്രീയം.
Akhil Marar says he has also received a complaint against Rahulmamkootathil