(moviemax.in) ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര"യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഇന്നലെ രാവിലെ 10 മണി മുതലാണ് ഓൺലൈൻ വഴി ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ബുക്ക് മൈ ഷോ, പേടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, ഡിസ്ട്രിക്റ്റ് തുടങ്ങിയ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണ്. ബുക്കിംഗ് ഓപ്പൺ ആയ നിമിഷം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് അഡ്വാൻസ് ബുക്കിങ്ങിനു ലഭിക്കുന്നത്.
ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. ഓഗസ്റ്റ് 28 ന് രാവിലെ 9.30 മുതലാണ് ചിത്രത്തിന്റെ ഷോകൾ ആരംഭിക്കുക. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്‍തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ഏതാനും ദിവസങ്ങൾക്ക് മുൻപ് സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിതെന്ന സൂചനയാണ് ഇന്നലെ പുറത്തു വന്ന ട്രെയ്‌ലർ നൽകിയത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന സംഗീതവും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച ട്രെയ്‌ലർ, ആക്ഷൻ, ത്രിൽ, വൈകാരിക നിമിഷങ്ങൾ, ഫൺ, സസ്പെൻസ് എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സൂചന നൽകി. ഇതിനോടകം 26 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ട്രെയ്‌ലർ യൂട്യൂബിൽ നിന്ന് മാത്രം നേടിയത്. വമ്പൻ പ്രേക്ഷക പ്രശംസയും കയ്യടിയുമാണ് ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ നിന്ന് നേടുന്നത്. മലയാള സിനിമയുടെ ലെവൽ മാറ്റും ഈ ചിത്രം എന്ന പ്രതീക്ഷയാണ് ട്രെയ്‌ലർ കണ്ട പ്രേക്ഷകർ പങ്ക് വെക്കുന്നത്.
Booking started for Loka- chapter one; chandra