(moviemax.in)'ഹയ്‌വാൻ' എന്ന പുതിയ ചിത്രം 'ഒപ്പം' സിനിമയുടെ റീമേക്ക് അല്ലെന്ന് പ്രിയദർശൻ വ്യക്തമാക്കി. 'ഒപ്പ'ത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ സിനിമ ചെയ്യുന്നതെന്നും അക്ഷയ് കുമാറിനും സെയ്ഫ് അലിഖാനുമൊപ്പം മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും അതിഥി വേഷത്തിലെത്തുമെന്നും അദ്ദേഹം ഓൺമനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. കരാർ ഉറപ്പിച്ച സിനിമകൾ പൂർത്തിയാക്കിയ ശേഷം സിനിമാ രംഗത്തുനിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നതായും പ്രിയദർശൻ തുറന്നുപറഞ്ഞു.
‘‘ഒപ്പം സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ചെയ്യുന്നതാണ്‘ഹയ്‌വാൻ’ ചിത്രത്തിലെ സംഭാഷണത്തിലും തിരക്കഥയുമെല്ലാം വ്യത്യാസം വരുത്തിയിട്ടുണ്ട്. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അക്ഷയ് കുമാറുമായി വർക്ക് ചെയ്യാൻ എനിക്ക് വളരെയധികം കംഫർട്ടബിൾ ആണ്. എനിക്ക് അദ്ദേഹം ബോളിവുഡിന്റെ മോഹൻലാൽ ആണ്. മോഹൻലാലും ഈ ചിത്രത്തിൽ അതിഥിതാരമായി എത്തുന്നുണ്ട്. ഇതിലെ മോഹൻലാലിന്റെ കഥാപാത്രം പ്രേക്ഷകർക്ക് ഒരു സർപ്രൈസ് ആയിരിക്കും.
ഇപ്പോൾ മുംബൈയിൽ ചിത്രീകരിക്കാൻ പ്ലാൻ ചെയ്തിരുന്ന സീക്വന്‍സുകളാണ് കൊച്ചിയിൽ എടുക്കുന്നത്. മുംബൈയിൽ ഞങ്ങൾ ഉദ്ദേശിച്ച സ്ഥലത്ത് പെർമിഷൻ ലഭിച്ചില്ല. അതിനു പകരമൊരു സ്ഥലം നോക്കിയപ്പോൾ കൊച്ചിയാണ് മനസ്സിൽ വന്നത് അങ്ങനെയാണ് കൊച്ചിയിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. വേറൊരു രസകരമായ കാര്യമെന്തെന്നു വച്ചാല്‍ ഒൻപത് വർഷം മുമ്പ് ഇതേ സ്ഥലത്തുവച്ച് തന്നെയാണ് ‘ഒപ്പം’ സിനിമയിലെ ഒരു രംഗവും ചിത്രീകരിച്ചത്.
മോഹൻലാലിനെ നായകനാക്കി എന്റെ നൂറാമത്തെ സിനിമയും ചർച്ചയിലാണ്. അതിന്റെ തിരക്കഥ പൂർത്തിയാക്കാനുണ്ട്. അടുത്ത വർഷം ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. എന്റെ സിനിമകളുടെ തുടർച്ചകൾ ചെയ്യാൻ എനിക്ക് ഇഷ്ടമല്ല. അതെനിക്ക് വലിയ താല്പര്യമില്ലാത്ത കാര്യമാണ്. പക്ഷേ ‘ഹേരാ ഫേരി’ യുടെ മൂന്നാം ഭാഗം ആലോചനയിലുണ്ട് കാരണം അതിന്റെ നിർമാതാക്കൾ വളരെനാളായി അത് ചെയ്യാൻ എന്നെ നിർബന്ധിച്ചുകൊണ്ടിരിക്കുന്നു. ഈ സിനിമയൊക്കെ പൂർത്തിയാക്കി കഴിഞ്ഞാൽ സിനിമയിൽ നിന്നു വിരമിക്കണം എന്നാണ് എന്റെ ആഗ്രഹം, ഒരു വിശ്രമം ആവശ്യമാണെന്ന് തോന്നുന്നു.” പ്രിയദർശൻ പറയുന്നു.
പ്രിയദർശൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമയാണ് ‘ഹയ്‌വാൻ’. കെവിഎൻ പ്രൊഡക്‌ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ. നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ എന്നിവർക്ക് പുറമെ ബൊമൻ ഇറാനി, ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ദിവാകർ മണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് പ്രൊഡക്‌ഷൻ ഡിസൈൻ നിർവഹിക്കുന്നത് സാബു സിറിളാണ്. ആദ്യ ഘട്ട ചിത്രീകരണം കൊച്ചിയിൽ ആണ്. വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്.
Priyadarshan reveals about his retirement from films