(moviemax.in) കേരളത്തിൽ വലിയ വിജയമാവുകയും ഇന്ത്യ മുഴുവനും ചർച്ചയാവുകയും ചെയ്ത സിനിമയാണ് ജിത്തു മാധവൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശം. സിനിമയിൽ ഫഹദ് അവതരിപ്പിച്ച രംഗണ്ണൻ എന്ന കഥാപാത്രത്തിന് ഇന്നും ഒരു കൾട്ട് ആരാധനയുണ്ട്. സിനിമയിലെ ഫഹദിന്റെ കന്നട കലർന്ന മലയാളം സ്ലാഗും, 'എട മോനെ' വിളിയുമൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സിനിമയെ വിജയത്തിലേക്കെത്തിച്ച മറ്റൊരു പ്രധാനപ്പെട്ട ഘടകം ആവേശത്തിന് വേണ്ടി സുഷിൻ ശ്യാം ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവുമായിരുന്നു. സിനിമയിലെ ഇല്ലുമിനാറ്റി , അർമാദം എന്നീ ട്രാക്കുകൾ ചാർട്ട്ബസ്സ്റ്റെർസായിരുന്നു
സിനിമയിൽ രംഗണ്ണന്റെ ഫ്ലാഷ്ബാക്ക് കാണിക്കുമ്പോൾ വരുന്ന ലാസ്റ്റ് ഡാൻസ് എന്ന ട്രാക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് പുറത്തു വിട്ട സ്പ്ലിന്റര്‍ സെല്‍: ഡെത്ത് വാച്ച് എന്ന ആനിമേഷന്‍ സീരീസിന്റെ ടീസറിൽ ആവേശത്തിലെ ലാസ്റ്റ് ഡാൻസ് എന്ന ട്രാക്ക് പശ്ചാത്തല സംഗീതമായി കടന്നു വരുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ടീസറിൽ സുഷിന്‍ ശ്യാമിന് ക്രെഡിറ്റ്‌സ് നൽകിയിട്ടിലെന്നാണ് 'ആവേശം' ആരാധകരുടെ വിമർശനം.
ഇതിനിടെ സുഷിന്‍ ശ്യാമിന്റേതെന്ന പേരില്‍ ഒരു കമന്റും ശ്രദ്ധ നേടുന്നുണ്ട്. ''എന്റെ ട്രാക്ക് ഇവിടെ ഉപയോഗിച്ചതില്‍ നന്ദിയുണ്ട്. പക്ഷെ ക്രെഡിറ്റില്‍ എന്റെ പേര് കൂടെ ഉണ്ടായിരുന്നുവെങ്കില്‍ നന്നായേനെ'' എന്ന കമന്റാണ് ചര്‍ച്ചയാകുന്നത്. കമന്റ് നെറ്റ്ഫ്‌ളിക്‌സിന്റെ കമന്റ് ബോക്‌സില്‍ ഇപ്പോള്‍ കാണാനാവുന്നില്ല. അതുകൊണ്ട് തന്നെ യഥാര്‍ത്ഥത്തില്‍ സുഷിന്‍ തന്നെ പങ്കുവച്ചതാണോ ഈ കമന്റ് എന്ന് വ്യക്തമല്ല.
എന്തായാലും ഇതോടെ സ്പ്ലിന്റെർ സെല്ലിന്റെ ടീസറും ആവേശത്തിലെ പാട്ടുമൊക്കെ ചര്‍ച്ചയായി മാറുകയാണ്. സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ഹനുമാന്‍കൈന്‍ഡ് എഴുതി പാടിയ പാട്ടാണ് ദി ലാസ്റ്റ് ഡാൻസ്. പാട്ടിന്റെ സൃഷ്ടാക്കള്‍ക്ക് ക്രെഡിറ്റ് നൽകാത്തത് ധാർമികമായി ശരിയല്ലെന്നും 'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ' എന്ന ആവേശത്തിലെ ഹിറ്റ് ഡയലോഗും കൊണ്ട് നിറഞ്ഞിരിക്കുകയാണ് നെറ്ഫ്ലിക്സിന്റെ കമന്റ് ബോക്സ് . അനിമേഷൻ സീരീസ് രംഗത്ത് ആരാധകർ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സീരീസാണ് സ്പ്ലിന്റര്‍ സെല്‍. സീരീസ് നെറ്ഫ്ലിക്സിലൂടെ ഒക്ടോബര്‍ 14 ന് റിലീസാകും
Netflix criticized for changing the song from Avesham movie