(moviemax.in) ശരീരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഉയരുന്ന പരിഹാസ കമന്റുകൾക്ക് മറുപടിയുമായി നടൻ ഇ.എ. രാജേന്ദ്രനും ഭാര്യ സന്ധ്യയും രംഗത്തെത്തി. ഷുഗർ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ശരീരഭാരം കുറച്ചതെന്നും, സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ഊഹാപോഹങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും ഇരുവരും മെയിൻസ്ട്രീം വൺ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
‘‘ഷുഗര്‍ നിയന്ത്രിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം തടി കുറച്ചതാണ്. പിന്നെ പ്രായവും കൂടിവരികയല്ലേ. എന്റെ മകൻ ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഞങ്ങൾക്കൊരു നിർമാണക്കമ്പനി ഉണ്ട്. സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സീരിയല്‍ പ്രൊഡ്യൂസ് ചെയ്യുന്ന പ്രൊഡ്യൂസറാണ് ഞാന്‍. എനിക്കെന്തിനാണ് ‘അമ്മ’യിൽ നിന്നു പെൻഷന്‍.
പിന്നെ നടൻ ദേവൻ എന്റെ ബന്ധുവാണ്. അദ്ദേഹത്തിനു വോട്ട് ചെയ്യാൻ വേണ്ടിയാണ് അന്ന് ‘അമ്മ’യിൽ വന്നതു തന്നെ. ഇപ്പോൾ വന്ന ഭാരവാഹികളെല്ലാം അതിനു യോജ്യമായവർ തന്നെയാണ്. അവർ സംഘടനയെ നന്നായി തന്നെ കൊണ്ടുപോകും.
സിനിമയും കാലഘട്ടവുമൊക്കെ മാറി. മാസ്റ്റർ സംവിധായകരുടെ കൂടെയാണ് ഞാൻ കൂടുതലും പ്രവർത്തിച്ചത്. ജയരാജിന്റെ ‘പെരുങ്കളിയാട്ടം’ എന്നൊരു സിനിമ ഉടൻ റിലീസിനൊരുങ്ങുന്നുണ്ട്.’’–രാജേന്ദ്രന്റെ വാക്കുകൾ.
‘അമ്മ’ സംഘടനയുടെ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ എത്തിയ ഇ.എ.രാജേന്ദ്രന്‍റെ വിഡിയോ വൈറലായിരുന്നു. മെലിഞ്ഞ് ക്ഷീണിതനായാണ് വിഡിയോയില്‍ രാജേന്ദ്രന്‍ കാണപ്പെട്ടത്. പിന്നാലെ താരത്തിന്‍റെ ആരോഗ്യം സംബന്ധിച്ച് നിരവധി പേരാണ് അന്വേഷണവുമായി രംഗത്തെത്തിയത്. അതിനിടക്ക് ‘അമ്മ’യില്‍ പെന്‍ഷന്‍ വാങ്ങാനെത്തിയതാണെന്നുള്ള പരിഹാസ കമന്‍റുകളും വന്നിരുന്നു. രാജേന്ദ്രന്റെ ഭാര്യയും നടിയുമായ സന്ധ്യ ഒരു റീല്‍ വിഡിയോയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു കമന്റ് മറുപടിയായി നൽകുകയും ചെയ്തു. ആ കമന്റ് ഇടാനിടയായ സാഹചര്യത്തെക്കുറിച്ച് ഈ അഭിമുഖത്തിൽ സന്ധ്യ വിശദീകരിക്കുകയുണ്ടായി.
‘‘പ്രായം വരുമ്പോള്‍ നമുക്ക് കുറേ മാറ്റം ഉണ്ടാകാറുണ്ട്. ചേട്ടന്‍റെ ആരോഗ്യപ്രശ്നം വച്ച് അധികം ഭാരം കൂടരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. നല്ലപോലെ ഭക്ഷണം കഴിക്കുന്ന ആളാണ് ചേട്ടൻ. കുറേ നാളായ ഡയറ്റ് നിയന്ത്രിക്കുന്നുണ്ട്. അഭിനയം ആണല്ലോ പ്രഫഷൻ. കുടിക്കുന്ന വെള്ളത്തിനുപോലും അളവുണ്ട്. ആരോഗ്യത്തെക്കുറിച്ച് ഇത്രയും ആളുകള്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ സന്തോഷം തോന്നി.
എന്നാല്‍ ചില ആളുകളുണ്ട്. വലിയ അസുഖമാണ്, അല്ലെങ്കില്‍ മറ്റ് അസുഖമാണ് എന്നൊക്കെ ആധികാരികമായി പറയുന്നവര്‍. അതില്‍ ഒരാള്‍ക്ക് ഞാന്‍ മറുപടി കൊടുത്തു. ഇന്ന രോഗമാണ്, ഈ ചികിത്സയാണ് അയാൾ ചെയ്യുന്നതെന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. ഒരുപാട് പേർ അത് സത്യമാണെന്നു വിചാരിച്ചു. അതെന്നെ വേദനിപ്പിച്ചു. ആദ്യം എടാ എന്നെഴുതണമെന്ന് വിചാരിച്ചു. ‘നിനക്ക് ഇതെങ്ങനെ ഇത്ര ആധികാരികമായി എഴുതാന്‍ സാധിച്ചു. ഊഹം വച്ചിട്ട് ഒരാളുടെ കാര്യങ്ങള്‍ പറയാന്‍ പാടില്ല. അത് ഭയങ്കര തെറ്റാണ്. കുറഞ്ഞത് എന്ത് പറ്റി എന്നത് അന്വേഷിക്കുക. നീ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്ന ഒരുപാട് കമന്റുകള്‍ വന്നില്ലേ. അതുകൊണ്ട് ശ്രദ്ധിക്കണം’ എന്ന് പറഞ്ഞാണ് കമന്‍റ് ഇട്ടത്,’’– സന്ധ്യ പറഞ്ഞു. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരിയാണ് സന്ധ്യ രാജേന്ദ്രൻ.
Actor E.A. Rajendran and his wife Sandhya respond to the sarcastic comments