(moviemax.in)അതി ഗംഭീരമായാണ് ഡിജെ സിബിന്റെയും ആര്യ ബഡായിയുടേയും വിവാഹം. കഴിഞ്ഞ ദിവസം നടന്ന വിവാഹാഘോഷങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മെഹന്തി നൈറ്റ്, സംഗീത് പാർട്ടി തുടങ്ങിയവയെല്ലാം ഉണ്ടായിരുന്നു. പാട്ടും നൃത്തവും പാർട്ടിയുമായുള്ള വിവാഹമായിരുന്നു. ഇരുവരും രണ്ട് മതത്തിൽപ്പെട്ടവരായതുകൊണ്ട് ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമാണ് ചടങ്ങുകൾ നടന്നത്. രണ്ടുപേരുടേയും രണ്ടാം വിവാഹമായിരുന്നു. ആര്യയ്ക്ക് ആദ്യ വിവാഹത്തിൽ പന്ത്രണ്ട് വയസുള്ള ഒരു മകളുണ്ട്.
ആര്യയുടെയും സിബിന്റെയും എൻവിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ഏറ്റവും കൂടുതൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതും ആര്യയുടെ മകൾ ഖുഷിയെ കുറിച്ചാണ്. മകളുടെ പൂർണ്ണ സമ്മതമുള്ളതുകൊണ്ടാണ് വിവാഹത്തിന് തങ്ങൾ തയ്യാറെടുക്കുന്നതെന്ന് പിന്നീട് ആര്യയും സിബിനും തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷെ അപ്പോഴും ആര്യയും സിബിനും വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ സിബിന് ആര്യയുടെ മകൾ ഖുഷിയോടുള്ള സ്നേഹത്തെ സംശയിക്കുന്നവർക്കുള്ള മറുപടിയായി ഒരു വീഡിയോ വൈറലാവുകയാണ്.
ആര്യയുടേയും സിബിന്റെയും സംഗീത് നൈറ്റിൽ നിന്നുള്ളതാണ് വീഡിയോ. സിബിനും ആര്യയ്ക്കും വേണ്ടി മകൾ ഖുഷിയുടെ വക സ്പെഷ്യൽ പെർഫോമൻസുണ്ടായിരുന്നു. സിബിനെ താൻ എന്തുകൊണ്ട് ഡാഡിയായി സ്വീകരിച്ചുവെന്ന് ഡാൻസ് പെർഫോമൻസിലൂടെ ഖുഷി പറയാതെ പറഞ്ഞു. മാത്രമല്ല സ്റ്റേജിൽ നിന്ന് ഇറങ്ങി വന്ന് സിബിനെ കെട്ടിപിടിച്ച് ഖുഷി കരയുന്നതും സിബിന്റേയും ഖുഷിയുടേയും ബോണ്ടിങ് കണ്ട് ആര്യയുടെ കണ്ണ് നിറയുന്നതും വീഡിയോയിൽ കാണാം. ജന്മം നൽകി മാത്രമല്ല കർമ്മം കൊണ്ടും അച്ഛനാകാം എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്. ഖുഷി എതിർത്തിരുന്നുവെങ്കിൽ താൻ ഒരിക്കലും ആര്യയെ വിവാഹം കഴിക്കുമായിരുന്നില്ലെന്നും ആദ്യം ചോദിച്ചതും ഖുഷിയുടെ സമ്മതമാണെന്നും സിബിൻ പറഞ്ഞിരുന്നു.
ഡാഡ്സില്ല എന്നാണ് ഖുഷി സിബിനെ വിളിക്കുന്നത്. വീഡിയോ വൈറലായതോടെ ആദ്യ വിവാഹ ബന്ധത്തിന്റെ പേരിൽ സിബിനെ വിമർശിച്ചും പരിഹസിച്ചുമാണ് ഏറെയും കമന്റുകൾ. കാരണം ആദ്യ വിവാഹത്തിൽ സിബിനും ഒരു മകനുണ്ട്. സ്വന്തം കുഞ്ഞിനെ സ്നേഹിക്കാൻ കഴിയാത്ത വ്യക്തി എങ്ങനെ മറ്റൊരാളുടെ കുഞ്ഞിനെ സ്നേഹിക്കും?. ഇതൊക്കെ ക്യാമറയ്ക്ക് വേണ്ടിയുള്ള നാടകം എന്നുള്ള തരത്തിലാണ് കമന്റുകൾ. ഇതുപോലെ സ്വന്തം മകനേയും ആദ്യ ഭാര്യയേയും ചേർത്ത് പിടിക്കാമായിരുന്നല്ലോ ചില വിട്ടുവീഴ്ചകൾ ചെയ്തിരുന്നുവെങ്കിൽ, സത്യത്തിൽ ഇതൊക്കെ ആളുകളെ കാണിക്കാനുള്ള പ്രഹസനം മാത്രം ആയിട്ടാണ് തോന്നിയത്, സ്വന്തം കുഞ്ഞിനെ സ്നേഹിക്കാൻ പറ്റാത്ത സിബിന് മറ്റൊരുവൻ്റെ കുഞ്ഞിനെ ഒരിക്കലും സ്നേഹിക്കാൻ പറ്റില്ല എല്ലാം ആക്ടിങ് എന്നായിരുന്നു ഏറെയും കമന്റുകൾ.
അമ്മയും അപ്പനും വേർപിയുമ്പോൾ കണ്ണീർ തൂവുന്നത് കുഞ്ഞുങ്ങളാണ്. എന്നും ഖുഷിയെ ചേർത്ത് പിടിക്കാൻ സിബിൻ ഉണ്ടാവട്ടെ, ഇത് അവരുടെ ജീവിതമാണ്. അത് അവരുടെ ഇഷ്ട്ടത്തിൽ ജീവിക്കട്ടെ. ആര്യ ഒത്തിരി കഷ്ട്ടപ്പെട്ട് തന്നെയാണ് ഇവിടെ വരെ എത്തിയത്. ആര്യയും മകളും ഈ സ്നേഹം അർഹിക്കുന്നുവെന്ന പോസിറ്റീവ് കമന്റുകളും വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആര്യയും ആദ്യ ഭർത്താവും കോ-പാരന്റിങ്ങാണ് ഖുഷിയുടെ കാര്യത്തിൽ ചെയ്യുന്നത്. മകളെ ഒരിക്കലും അച്ഛനിൽ നിന്നും ആര്യ അകറ്റിയിട്ടില്ല.
Video goes viral in response to those mocking Sibin Khushi's love