(moviemax.in) മലയാള സിനിമയിലെ എവർക്ലാസിക് കോംബോ ആയ മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന വലിയ പ്രതീക്ഷ നിറഞ്ഞ ചിത്രമാണ് ഹൃദയപൂർവ്വം. സിനിമയുടെ ടൈറ്റിൽ വന്ന വഴിയെക്കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്.
'ഹൃദയപൂർവ്വം എന്ന ടൈറ്റിൽ ഇട്ടത് മോഹൻലാൽ ആണ്. ഞാൻ ലാലിൻറെ അടുത്ത് മുൻകൂട്ടി കഥപറയാറില്ല അത് ലാലിന് എന്നോടുള്ള ഒരു വിശ്വാസമാണ്. അമാനുഷികനല്ല സാധാരണക്കാരനായ ഒരു ആളാണ് സിനിമയിലെ കഥാപാത്രമെന്ന് മോഹൻലാലിനോട് പറഞ്ഞിരുന്നു. അത് മതിയെന്നും അദ്ദേഹവും പറഞ്ഞു. ഒരിക്കൽ എറണാകുളത്ത് വെച്ചൊരു അവാർഡ് ചടങ്ങ് നടക്കുകയായിരുന്നു. ഞാനും മോഹൻലാലും ആ പരിപാടിയിൽ പങ്കെടുത്തിരുന്നു. ആ പരിപാടിക്കിടയിൽ മോഹൻലാൽ എന്നോട് കഥ ചോദിച്ചു.
നിവർത്തിയില്ലാതെ മോഹൻലാലിന് ഞാൻ കഥാപാത്രം എന്താണെന്ന് പറഞ്ഞു കൊടുത്തു. പുള്ളിക്ക് അത് അപ്പോൾ തന്നെ ഇഷ്ടമായി. അദ്ദേഹം കുറെ നേരം ഇങ്ങനെ നോക്കിയിരുന്നു. ഞാൻ കരുതിയത് സ്റ്റേജിലെ ഡാൻസ് കാണുകയാണ് എന്നാണ്. പിന്നീട് എന്റെ തോളിൽ കയ്യിട്ട് ചെവിൽ പറഞ്ഞു 'നമുക്കിതിന് ഹൃദയപൂർവ്വം എന്ന് പേരിട്ടാലോ എന്ന്'. അങ്ങനെയാണ് സിനിമയ്ക്ക് ഈ ടൈറ്റിൽ വരുന്നത്', സത്യൻ അന്തിക്കാടിന്റെ വാക്കുകൾ.
ചിത്രത്തിന്റെ ബുക്കിംഗ് നാളെ രാവിലെ 10 മണി മുതൽ തുടങ്ങുമെന്നാണ് വിവരം. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട് എന്നീ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിൽ നാളെ മുതൽ ചിത്രം ഉണ്ടാകും. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകൾ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം 28 ന് രാവിലെ 9.30 മുതലാണ് ഹൃദയപൂർവ്വത്തിന്റെ ഷോ ആരംഭിക്കുന്നത്. നിരവധി ഫാൻസ് ഷോകളാണ് ചിത്രത്തിനായി മോഹൻലാൽ ആരാധകർ പ്ലാൻ ചെയ്യുന്നത്. ആദ്യ ദിനം മികച്ച കളക്ഷൻ സിനിമയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷ. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്.
Sathyan Anthikad says Mohanlal came up with the title 'Hridayapooravam'
































