ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായി അഭിനയിച്ച ചിത്രമാണ് കൂലി. ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. കൂലിയിൽ രജനികാന്ത് ആണ് നായകനെങ്കിലും ഫാൻസ് കൂടുതലും നാഗാർജുനയുടെ വില്ലന് കഥപാത്രത്തിലേക്ക് പോകുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ. റീലുകളിൽ താരം ഇപ്പോൾ സൈമൺ ആണ്. നടന്റെ ലുക്കും സ്റ്റൈലിലും വീണിരിക്കുകയാണ് ആരാധകർ.
നാഗാർജുനയുടെ പഴയ തമിഴ് ചിത്രം രക്ഷകനിലെ സോണിയ എന്ന പാട്ടിലെ വരികൾ ചേർത്ത് വെച്ചാണ് കൂലിയിലെ നാഗാർജുനയുടെ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. നാഗാർജുനയുടെ ഹെയർ സ്റ്റൈലിനും ആരാധകർ ഏറെയാണ്. പ്രായം 70 കഴിഞ്ഞിട്ടും നാഗാർജുന ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്നതിനും ആരാധകർ പ്രശംസിക്കുന്നുണ്ട്. നാഗാർജ്ജുനയെ പോലെ ഒരു നടനെ കയ്യിൽ കിട്ടിയിട്ട് വേണ്ട രീതിയിൽ ലോകേഷ് ഉപയോഗിച്ചില്ലെന്നും വിമർശനങ്ങൾ ഉണ്ട്.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഫിലോമിൻ രാജ് ആണ്. സിനിമ ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 400 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ.
'Simon is the star, not Deva'; Nagarjuna is full of reels; along with that old Tamil song and hair style