അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വിനായകൻ പങ്കുവെച്ച അധിക്ഷേപ പോസ്റ്റുകൾക്ക് പരിഹാസവുമായി ജോയ് മാത്യു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെ മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയുമടക്കം അധിക്ഷേപിച്ച് വിനായകൻ പങ്കുവെച്ച പോസ്റ്റുകൾ കവിതയാണെന്ന താരത്തിന്റെ വിശദീകരണത്തെയാണ് ജോയ് മാത്യു ഫേസ്‌ബുക്കിലൂടെ പരിഹസിച്ചിരിക്കുന്നത്. വിനായകന്റെ കവിത പാഠപുസ്തകത്തിലും കവിത കണ്ടെത്തിയ ഇൻസ്പെക്ടറുടെ കാവ്യഭാവന തിരിച്ചറിഞ്ഞ് അയാളെ പാഠപുസ്തക കമ്മിറ്റിയിലും ഉൾപ്പെടുത്തേണ്ടതല്ലേ എന്നുമാണ് ജോയ് മാത്യു പറയുന്നത്.
"വിനായകന്റെ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതല്ലേ? കവിത കണ്ടെത്തിയ ഇൻസ്പക്ടറദ്ദേഹത്തിന്റെ കാവ്യഭാവനയെ തിരിച്ചറിഞ് മേപ്പടിയാനെ പാഠപുസ്തക കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതല്ലേ?" ജോയ് മാത്യു കുറിച്ചു. 'അമ്മ'യിലെ എക്സിക്യൂട്ടീവ് അംഗം കൂടിയായ ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
അധിക്ഷേപ പോസ്റ്റുകൾ ചൂണ്ടിക്കാണിച്ച് വിനായകനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനായകനെ സൈബർ പൊലീസ് വിളിച്ചുവരുത്തിയത്. എന്നാൽ വിനായകനെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിട്ടയച്ചത്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട്, സർക്കാർ വിനായകനെ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണമെന്നും എല്ലാ കലാകാരന്മാർക്കും നടൻ അപമാനമാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചിരുന്നു.
Joy Mathew mocks Vinayakan's abusive posts