കൊച്ചി: (moviemax.in)ഫിലിം ചേംബർ തിരഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ച് നടി സാന്ദ്ര തോമസ്. കഴിഞ്ഞ തവണത്തെ തോൽവിയിൽനിന്ന് പാഠം ഉൾക്കൊണ്ടാണ് ഇത്തവണ മത്സരിക്കുന്നതെന്ന് സാന്ദ്ര പറഞ്ഞു. നീതി കിട്ടുമെന്ന പ്രതീക്ഷയില്ല, പക്ഷേ ശ്രമം തുടർന്നുകൊണ്ടേയിരിക്കുമെന്നും അവർ വ്യക്തമാക്കി.
സിനിമാ സംഘടനകളെല്ലാം മാഫിയ സംഘങ്ങളുടെ കൈകളിലാണെന്നും അതിൽ നിന്ന് ഒരു മോചനം നേടണമെങ്കിൽ അംഗങ്ങൾ തന്നെ വിചാരിക്കണമെന്നും സാന്ദ്ര പറഞ്ഞു. 'അമ്മ'യിൽ സ്ത്രീകൾ വന്നത് സ്വാഗതാർഹമാണെന്നും, സ്ത്രീകൾ ഉന്നയിച്ച പ്രശ്നങ്ങളിൽ എന്ത് പരിഹാരം കാണുമെന്നതാണ് അറിയേണ്ടതെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്ന് ‘അമ്മ’യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നടി ശ്വേത മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വലിയ കാലതാമസമാണ് ഇത് വരെ സംഭവിച്ചത്. ഇനിയും വൈകരുത്. അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണം. നടിയെ ആക്രമിച്ച കേസ് ഗൌരവമുള്ള വിഷയമാണ്. അതിജീവിതയ്ക്കൊപ്പം എല്ലാവരുമുണ്ടെന്നും കേസിൽ എത്രയും പെട്ടെന്ന് വിധി വരട്ടെയെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
കടുത്ത മത്സരത്തിനൊടുവിലാണ് ശ്വേത മേനോൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ശ്വേത മേനോൻ 159 വോട്ട് നേടിയപ്പോൾ നടൻ ദേവന് 132 വോട്ടാണ് ലഭിച്ചത്. കുക്കു പരമേശ്വരൻ 172 വോട്ട് നേടി ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. രവീന്ദ്രന് 115 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 57 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുക്കു പരമേശ്വരൻ വിജയിച്ചത്. ട്രഷറർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ണി ശിവപാൽ 167 വോട്ട് നേടി വിജയിച്ചു. എതിർ സ്ഥാനാർത്ഥിയായ അനൂപ് ചന്ദ്രന് 108 വോട്ടാണ് നേടാനായത്.
Film Chamber elections: Sandra Thomas files nomination for the post of Secretary