(moviemax.in) മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ പ്രിയപ്പെട്ട നായികയായ മഞ്ജിമ മോഹൻ, ശരീരഭാരത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്‌മിങ്ങിനെക്കുറിച്ച് തുറന്നു സംസാരിച്ചു. കളിയൂഞ്ഞാൽ, പ്രിയം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ മഞ്ജിമ, 'ഒരു വടക്കൻ സെൽഫി' എന്ന സിനിമയിലൂടെയാണ് നായികയായി തിരിച്ച് വന്നത്.
ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജിമ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. മുൻപ് ബോഡി ഷെയ്‌മിങ് കമന്റുകൾ തന്നെ വേദനിപ്പിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ അതിനെ മറികടന്നുവെന്നും മഞ്ജിമ പറയുന്നു. പിസിഒഡി എന്ന ആരോഗ്യപ്രശ്നം കാരണം തടി കൂടിയെന്നും, തടി കുറയ്ക്കാൻ സർജറിയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി.
"എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്റെ തടിയാണ് എന്ന രീതിയിലാണ് പലരും സംസാരിക്കുന്നത്. സിനിമ എൻ്റെ ജോലി മാത്രമാണ്. തടി കുറച്ചാൽ കൂടുതൽ സിനിമകൾ കിട്ടിയേക്കാം, പക്ഷേ അതിനു ശേഷം എന്നെക്കുറിച്ച് ആരും അന്വേഷിക്കണമെന്നില്ല. സിനിമയെക്കാൾ വലുതായി എൻ്റെ ജീവിതത്തിൽ മറ്റ് പല ലക്ഷ്യങ്ങളുമുണ്ട്." മഞ്ജിമ പറഞ്ഞു.
കൂടാതെ, ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കാതെ വെറുതെ തടിയെ ന്യായീകരിക്കുന്ന 'ടോക്സിക് ബോഡി പോസിറ്റിവിറ്റി' ശരിയല്ലെന്നും താൻ ആരോഗ്യത്തോടെ ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു. 2023-ൽ പുറത്തിറങ്ങിയ 'ബൂ' എന്ന സിനിമയിലാണ് മഞ്ജിമ അവസാനമായി അഭിനയിച്ചത്.
Actress Manjima Mohan opens up about the body shaming she faced due to her weight