( moviemax.in )വാശിയേറിയ മത്സരത്തിനൊടുവിൽ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബി.രാകേഷ് – ലിസ്റ്റിൻ സ്റ്റീഫൻ പാനലിന് സമ്പൂർണ്ണ വിജയം. ബി. രാകേഷ് പ്രസിഡന്റായും ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ഭാരവാഹികൾക്കെതിരെ വിമർശനമുന്നയിച്ച സാന്ദ്രാ തോമസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
182 വോട്ടു നേടിയാണ് രാകേഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം മത്സരിച്ച സജി നന്ത്യാട്ടിന് 75 വോട്ടുകൾ കൊണ്ട് തൃപ്തനാകേണ്ടി വന്നു. 257 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിൻ സ്റ്റീഫന് ലഭിച്ചത് 128 വോട്ടുകളാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ എതിർ സ്ഥാനാർഥികളായി മത്സരിച്ച സംവിധായകൻ വിനയന് 87 വോട്ടും കല്ലിയൂർ ശശിക്ക് 25മാണ് ലഭിച്ചത്. നിർമാതാവ് സാന്ദ്രാ തോമസിന്റെ സ്ഥാനാർത്ഥിത്വം ഏറെ ചർച്ചയായ തെരഞ്ഞെടുപ്പിൽ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര 110 വോട്ടുകൾ മാത്രം നേടി പരാജയം സമ്മതിക്കേണ്ടി വന്നു. നിർമാതാവ് ജി സുരേഷ് കുമാർ 201 വോട്ടുകൾ നേടി എക്സിക്യൂട്ടി കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു.
കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമാരായി സന്ദീപ് സേനനും സോഫിയ പോളും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവർക്കും യഥാക്രമം 187ഉം 133ഉം വോട്ടുകളാണ് ലഭിച്ചത്. ജോയിന്റ് സെക്രട്ടറീമാരായി തfരഞ്ഞെടുക്കപ്പെട്ട ആൽവിൻ ആന്റണിക്ക് 204 വോട്ടും ഹംസയ്ക്ക് 192 വോട്ടും ലഭിച്ചു. സുബൈർ എം.ബി.യാണ് 154 വോട്ടുകളോടെ ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 74 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം സജി നന്ത്യാട്ടിനെ തോൽപിച്ചത്. പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കു മത്സരിച്ച നന്ത്യാട്ടിനു രണ്ടിടത്തും തോൽവി പറ്റി
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പതിനാലുപേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കൂടുതൽ വോട്ട് നേടിയത് വിശാഖ് സുബ്രഹ്മണ്യം ആണ്. 208 വോട്ടുകൾ നേടിയാണ് വിശാഖ് സുബ്രഹ്മണ്യം എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സുരേഷ് കുമാർ ജി., കൃഷ്ണകുമാർ എൻ. ഉണ്ണി, ഷെർഗ സന്ദീപ്, ഔസേപച്ചൻ, സന്തോഷ് പവിത്രം, ഫിലിപ്പ് എം.സി., സെഞ്ച്വറി കൊച്ചുമോൻ, രമേഷ് കുമാർ, കെ.ജി. രമ, സിയാദ് കോക്കർ, സുബ്രഹ്മണ്യൻ എസ്.എസ്.ജി, എബ്രഹാം മാത്യു, മുകേഷ് ആർ മേത്ത, തോമസ് മാത്യൂ തോമസ് തിരുവല്ല ഫിലിംസ്, ജോബി ജോർജ് തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.
Sandra got 110 votes, Vinayan got 87 votes; Kerala Film Producers Association voting results out