കൊച്ചി:(moviemax.in) മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള വാശിയേറിയ തെരഞ്ഞെടുപ്പ് അവസാനിച്ചു . ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ 10 മണിക്കായിരുന്നു വോട്ടെടുപ്പ് ആരംഭിച്ചത് . പങ്കാളികളാകാൻ പ്രമുഖ. സംഘടനയുടെ മുൻ പ്രസിഡന്റ് മോഹൻലാലും ഇത്തവണ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ദേവനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തന്റെ പത്രിക തള്ളിയതിന് പിന്നിൽ ബോധപൂർവമായ ഇടപെടലുണ്ടെന്ന ഗുരുതര ആരോപണവുമായി നടൻ ജോയ് മാത്യു രംഗത്തെത്തിയത് തെരഞ്ഞെടുപ്പ് ചൂടിന് ആക്കം കൂട്ടി പത്രിക തള്ളിയതിലെ യാഥാർത്ഥ്യം തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, 'അമ്മ'യിൽ യാതൊരു പൊട്ടിത്തെറിയും ഉണ്ടാകില്ലെന്ന് നടൻ രവീന്ദ്രൻ പ്രതികരിച്ചു. "പൊട്ടിത്തെറിക്കാൻ ഇതെന്താ പടക്കക്കടയോ?" എന്ന് ചോദിച്ച അദ്ദേഹം, എല്ലാവരുടെയും വോട്ട് ഉറപ്പാക്കിയിട്ടുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഇത്തവണത്തെപ്പോലെ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങൾ മുൻപ് ഒന്നും ഉണ്ടായിട്ടില്ലെന്നും ഇങ്ങനെയൊരു സാഹചര്യം മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ മത്സരരംഗത്തുണ്ടാകുമായിരുന്നില്ലെന്നും സ്ഥാനാർത്ഥികളിലൊരാളായ നാസർ ലത്തീഫ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷവും സംഘടന ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ആദ്യമായി മത്സരിക്കുന്ന സജിത ബേട്ടി പ്രത്യാശ പ്രകടിപ്പിച്ചു. അംഗങ്ങൾക്ക് ഏറ്റവും സ്വീകാര്യരായവരെയാകും തെരഞ്ഞെടുക്കുകയെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഇത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ലെന്നും 'അമ്മ' ചെയ്യുന്ന സഹായങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കേണ്ടതുണ്ടെന്നും നടി ലക്ഷ്മിപ്രിയയും അഭിപ്രായപ്പെട്ടു.
Joy Mathew's criticism of 'Amma's' election