(moviemax.in) കാലമെത്ര കഴിഞ്ഞാലും ചില പാട്ടുകൾ മലയാളികളുടെ ഓർമ്മകളിൽ മായാതെ നിൽക്കും. അത്തരം ഗാനങ്ങൾ പുതിയ സിനിമകളിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുമ്പോൾ അത് ഒരു ആഘോഷം തന്നെയാണ്. ഇപ്പോഴിതാ, തൊണ്ണൂറുകളിലെ ഹിറ്റ് ഗാനങ്ങളിലൊന്ന് പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും തരംഗമാവുകയാണ്.
1999 ൽ റിലീസായ ഇൻഡിപെൻഡൻസ് എന്ന വിനയൻ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്സ് സംഗീതം നൽകിയ "ഒരു മുത്തം തേടി" എന്ന ഗാനമാണ് വീണ്ടും തരംഗമാകുന്നത്. ബിബിൻ കൃഷ്ണയുടെ സംവിധാനത്തില്‍ അടുത്തിടെ തിയറ്ററുകളില്‍ എത്തിയ സാഹസം എന്ന ചിത്രത്തിലാണ് ഈ ഗാനം പുനരവതരിപ്പിച്ചിരിക്കുന്നത്.
എം ജി ശ്രീകുമാർ, സുജാത, മനോ എന്നിവർ ചേർന്ന് പാടിയ പാട്ട് 1999 ലെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു. 26 വർഷങ്ങൾക്ക് ശേഷമാണ് സാഹസത്തിലൂടെ ഗാനം വീണ്ടും റീമിക്സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ബാബു ആൻ്റണി, നരെയ്ൻ, ഗൗരി കിഷൻ, റംസാൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രം കോമഡി എൻ്റർടെയ്ൻമെൻ്റ് ആയി അണിയിച്ചൊരുക്കിയിരിക്കുന്നത്.
സിനിമയിൽ പാട്ട് ഉപയോഗിച്ചിരിക്കുന്ന ഇടവും സന്ദർഭവും തിയേറ്ററുകളിൽ പൊട്ടിച്ചിരിയും കയ്യടികളും തീർക്കുന്നുവെന്ന്, പടം കണ്ടിറങ്ങിയ പ്രേക്ഷകർ വിലയിരുത്തുന്നു. ബിബിൻ അശോകാണ് പുതിയ വേർഷൻ്റെ മ്യൂസിക് ഡയറക്ടർ. പഴയ ഗാനരംഗത്തിലെ നായകനായ അഭിനേതാവ് കൃഷ്ണ, പുതിയ വേർഷനിലും അഭിനയിച്ചിരിക്കുന്നു എന്ന കൗതുകവും സാഹസത്തിലുണ്ട്.
The song 'Oru Mutham Thedi' from the film Independence was remade in the movie 'Sahasam'