(moviemax.in) നടി ശ്വേത മേനോനെതിരായ കേസിൽ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ശ്വേതക്കെതിരായ കേസ് പത്രത്തിൽ പേര് വരാനുള്ള നീക്കമെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. അഭിനയിച്ച സിനിമകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല. അമ്മ സ്ത്രീകൾക്കെതിരായ സംഘടനയാണെന്ന ധാരണ മാറാൻ സ്ത്രീകൾ അധികാരത്തിലേക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകൾ വരണമെന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകൾക്കെതിരായ സംഘടന എന്ന പരിവേഷം അമ്മയ്ക്കുണ്ടായിരുന്നു. അത് മാറാൻ സ്ത്രീകൾ അധികാരത്തിലേക്ക് എത്തേണ്ടതുണ്ട്. അഭിനയിച്ച സിനിമകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ലെന്നും സ്ത്രീകൾ അധികാര സ്ഥാനത്തേക്ക് എത്തുമ്പോൾ ഇങ്ങനെ ഉണ്ടാകാറുണ്ടെന്നും കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു.
കുക്കുവിനെതിരെ ഉയർന്ന ആരോപണത്തെ കുറിച്ചും മെമ്മറി കാർഡിനെക്കുറിച്ചും അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുക്കു ഭരണസമിതി അംഗമല്ല, പിന്നെ അവരെങ്ങനെ മെമ്മറി കാർഡ് കൈകാര്യം ചെയ്യും. ഇപ്പോൾ ഇത്തരം ഒരു ആരോപണം ഉന്നയിച്ചതിന് പിന്നിൽ ദുരുദ്ദേശം ഉണ്ടാകും. മെമ്മറി കാർഡിനെ പറ്റി ആദ്യമായാണ് കേൾക്കുന്നതെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. അമ്മ തെരഞ്ഞെടുപ്പിൽ സമയം കിട്ടിയാൽ വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Minister KB Ganesh Kumar responds to the case against actress Shweta Menon