(moviemax.in)മലയാള സിനിമയിലെ എക്കാലത്തെയും വലിയ കളക്ഷൻ നേടിയ ചിത്രമാണ് മോഹൻലാൽ നായകനായ 'എമ്പുരാൻ'. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 265 കോടിയിലധികം നേടിയ ഈ ചിത്രം, വിദേശ മാർക്കറ്റുകളിൽ നിന്ന് ഇന്ത്യൻ ബോക്സ് ഓഫീസിനേക്കാൾ കൂടുതൽ കളക്ഷൻ നേടിയിരുന്നു. ഈ വർഷം ഇന്ത്യയിലെ മറ്റു ഭാഷാചിത്രങ്ങളെക്കാൾ വിദേശത്ത് ഏറ്റവും വലിയ വിജയം നേടിയ ചിത്രവും 'എമ്പുരാൻ' ആയിരുന്നു. എന്നാൽ ഇപ്പോൾ ആ റെക്കോർഡ് തിരുത്തപ്പെട്ടിരിക്കുന്നു. ഒരു യുവതാരത്തിന്റെ ചിത്രമാണ് 'എമ്പുരാനെ' ഈ റെക്കോർഡിൽ നിന്ന് മറികടന്നത് എന്നതും ശ്രദ്ധേയമാണ്.
നവാഗതനായ അഹാന്‍ പാണ്ഡേ, അനീത് പഡ്ഡ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹിത് സൂരി സംവിധാനം ചെയ്ത സൈയാര എന്ന ഹിന്ദി ചിത്രമാണ് അത്. മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ ഗണത്തില്‍ പെട്ട ചിത്രം ജൂലൈ 18 നാണ് തിയറ്ററുകളില്‍ എത്തിയത്. നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ഓഗസ്റ്റ് 5 ന് പുറത്തുവിട്ട കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 507 കോടി രൂപ ആയിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ഇതുവരെയുള്ള സംഖ്യ 512 കോടി ആയിട്ടുണ്ട്. എമ്പുരാന്‍റെ ഓവര്‍സീസ് ബോക്സ് ഓഫീസ് കളക്ഷന്‍ 142.25 കോടി ആയിരുന്നെങ്കില്‍ സൈയാര വിദേശത്തുനിന്ന് ഇതുവരെ നേടിയിരിക്കുന്നത് 144 കോടിയാണ്. 22 ദിവസത്തെ കണക്കാണ് ഇത്. പ്രദര്‍ശനം അവസാനിപ്പിക്കുന്നതിന് മുന്‍പേ ഇത് 160 കോടിയില്‍ എത്തും എന്നതാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.
പുതിയ രീതിയിലുള്ള പ്രൊമോഷണല്‍ പരിപാടികളോ താരങ്ങളുടെ അഭിമുഖങ്ങളോ ഒന്നുമില്ലാതെയാണ് സൈയാര പുറത്തെത്തിയത്. എന്നാല്‍ ഈ പുതുമുഖ ചിത്രം ആദ്യ ദിനം തന്നെ വന്‍ പ്രതികരണമാണ് നേടിയത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിക്കൊപ്പം ഓപണിംഗില്‍ ചില റെക്കോര്‍ഡുകളും ചിത്രം നേടി. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു പ്രണയചിത്രം നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് ആണ് സൈയാര നേടിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം ആദ്യ ദിനം 21 കോടി. തുടര്‍ദിനങ്ങളിലും കളക്ഷന്‍ വച്ചടി കയറിയതോടെ ചിത്രം ഇപ്പോള്‍ റെക്കോര്‍ഡ് പുസ്തകങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്.
'Empuran' finally surrenders; Young actor breaks Mohanlal's record