(moviemax.in)നായകനും വില്ലനും സഹനടനുമായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ഇർഷാദ് അലി. നിരവധി സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്ത് സിനിമയിൽ ആരാധകരെ ഉണ്ടാക്കാന് നടന് സാധിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ റസാഖ് എന്ന കഥാപാത്രം. 2003 ൽ പുറത്തിറങ്ങിയ സിനിമയാണിത്.
മീര ജാസ്മിൻ കേന്ദ്ര കഥാപാത്രമായെത്തിയ സിനിമ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും മീരയ്ക്ക് നേടിക്കൊടുത്തു. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിൽ പ്രായ പൂർത്തിയാകാത്ത മീരയുടെ കഥാപാത്രത്തെ വിവാഹം ചെയ്ത് ഗർഭിണിയാക്കുന്ന കഥാപാത്രമാണ് ഇർഷാദ് അലിയുടേത്. ഈ സിനിമയെക്കുറിച്ച് ഇർഷാദ് അലി പങ്കുവെച്ച പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അറിഞ്ഞിടത്തോളം മീര ജാസ്മിൻ ഇപ്പോൾ അമേരിക്കയിൽ ആണെന്ന് കേൾക്കുന്നു. സേതുരാമ അയ്യരെ ഇറക്കി അന്വേഷിച്ചിട്ടും ഏതെങ്കിലും വക്കീലിനെ ബന്ധപ്പെട്ടോ എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല! ഞാൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവിൽ പോണോ? എന്നാണ് ഇർഷാദ് അലിയുടെ പോസ്റ്റ്.
നടി ശ്വേത മേനോന് പിന്തുണയറിയിച്ച് കൊണ്ടാണ് ഇർഷാദ് അലി ഇങ്ങനെയൊരു പോസ്റ്റ് പങ്കുവെച്ചത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ശ്വേത മേനോൻ നഗ്നത കാണിച്ച് അഭിനയിച്ചെന്നും ഈ ദൃശ്യങ്ങൾ അശ്ലീല സെെറ്റുകളിൽ പ്രചരിപ്പിച്ചുവെന്നും ആരോപിച്ച് മാർട്ടിൻ മേനാച്ചേരി എന്ന വ്യക്തി പരാതി നൽകുകയും പൊലീസ് ശ്വേതയ്ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
'അമ്മ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ശ്വേതയ്ക്കെതിരെ പരാതി നൽകിയത്. അമ്മ തെരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്താൻ നിയമം ദുരുപയോഗം ചെയ്യുന്നു എന്ന വിമർശനം വന്നിരിക്കെയാണ് ഇർഷാദ് അലിയുടെ പോസ്റ്റ്.
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, രതിനിർവേദം, കളിമണ്ണ് തുടങ്ങിയ സിനിമകളിലെ രംഗങ്ങളും ഗർഭനിരോധന ഉറയുടെ പരസ്യവുമാണ് ശ്വേത മേനോനെതിരെയുള്ള പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിട്ട സിജെഎം കോടതി നടപടിക്കെതിരെ ശ്വേത മേനോൻ ഹെെക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
ഈ സിനിമകളെല്ലാം സെൻസർ ബോർഡ് അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ സിനിമകളിലെ ചില ഭാഗങ്ങൾ അശ്ലീല സെെറ്റുകളിൽ പ്രചരിക്കുന്നുണ്ടെന്ന് മാർട്ടിൻ മേനച്ചേരി പറയുന്നു. ശ്വേത അമ്മ സംഘടനയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരെയുള്ള നീക്കമാണിതെന്ന വാദം ശക്തമാണ്. ഇതിന് പിന്നിൽ ബാബുരാജാണോ എന്ന സംശയം നടി മാല പാർവതി പ്രകടിപ്പിക്കുകയും ചെയ്തു. ബാബുരാജ് അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷമാണ് ഇങ്ങനെയാെരു ആരോപണം വന്നിരിക്കുന്നത്.
actor Irshad Ali react shwetha menon issue cryptic post on misusing law mention meera jasmine