(moviemax.in) മോഹൻലാൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വത്തിനായ് കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഈ സിനിമയ്ക്ക് വലിയൊരു പ്രത്യേകതയുണ്ട് എന്താണെന്നല്ലേ...1991 ൽ പുറത്തിറങ്ങിയ ജി അരവിന്ദന്റെ വാസ്തുഹാരം എന്ന ചിത്രത്തിന് ശേഷം സിങ്ക് സൗണ്ടിൽ മോഹൻലാൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം.
സിങ്ക് സൗണ്ടിൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ചിത്രമാണ് വാസ്തുഹാര. ഞാൻ പ്രകാശൻ, നായാട്ട്, പറവ, തൊണ്ടിമുതലും ദൃസാക്ഷിയും, വൈറസ്, ഉണ്ട എന്നീങ്ങനെ നിരവധി ചിത്രങ്ങൾ സിങ്ക് സൗണ്ടിൽ ചിത്രീകരിച്ചിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ ഡ്രാമ എന്ന മോഹൻലാലിൻറെ തന്നെ ചിത്രത്തിൽ സിങ്ക് സൗണ്ട് ഉപയോഗിക്കാനായി പ്ലാൻ ചെയ്തിരുന്നു എന്നാൽ അവസാന നിമിഷത്തെ കാസ്റ്റുകളുടെ മാറ്റം കാരണം അത് ഒഴിവാക്കുകയായിരുന്നു.
സാധാരണയായി സിനിമകളിൽ ചെയ്യുന്നത്, ഷൂട്ട് ചെയ്തതിനു ശേഷം, ഡബ്ബിംഗ് സ്റ്റുഡിയോകളിൽ വെച്ച് അഭിനേതാക്കൾ അവരുടെ സംഭാഷണങ്ങൾ വീണ്ടും പറഞ്ഞ് ചേർക്കുകയാണ്. എന്നാൽ സിങ്ക് സൗണ്ട് ഉപയോഗിക്കുമ്പോൾ ഈ ഡബ്ബിംഗിന്റെ ആവശ്യം വരുന്നില്ല. ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ അഭിനേതാക്കൾ സംസാരിക്കുന്നതും ചുറ്റുമുള്ള അന്തരീക്ഷത്തിലെ ശബ്ദങ്ങളും അതേപടി റെക്കോർഡ് ചെയ്യപ്പെടുന്നു. യഥാർത്ഥ ഭാവം, അന്തരീക്ഷ ശബ്ദം, സമയം ലാഭം എന്നിവ സിങ്ക് സൗണ്ടിന്റെ പ്രത്യേകതയാണ്.
സിങ്ക് സൗണ്ട് ചെയ്യുന്നതിന് മികച്ച മൈക്രോഫോണുകളും, ശബ്ദം റെക്കോർഡ് ചെയ്യാനുള്ള ഉപകരണങ്ങളും ആവശ്യമാണ്. ഷൂട്ടിംഗ് സമയത്ത് വളരെ ശാന്തമായ ഒരു അന്തരീക്ഷം നിലനിർത്തേണ്ടതും പ്രധാനമാണ്. ചെറിയ ശബ്ദങ്ങൾ പോലും റെക്കോർഡിംഗിൽ കടന്നുകൂടാൻ സാധ്യതയുണ്ട്.
Hrudhayapoorvam is Mohanlals second movie in the sink sound after vasthuhara