(moviemax.in) പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസിന് വിട നൽകി സിനിമ - സീരിയൽ ലോകം. വൃക്ക രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. രാവിലെ പത്തരയോടെ തിരുവനന്തപുരം വഴുതയ്ക്കാട് ഉള്ള വസതിയിൽ പൊതുദർശനം ആരംഭിച്ചു.
ജനപ്രതിനിധികളും, സിനിമ- സീരിയൽ താരങ്ങളും വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മലയാളത്തിലും തമിഴിലുമായി അൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഷാനവാസ് സീരിയലുകളിലും സജീവമായിരുന്നു. പൊതുദർശനത്തിന് ശേഷം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാളയം ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് സംസ്കാരം.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾഎന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന സിനിമയിലൂടെ അദ്ദേഹം സിനിമാ മേഖലയിൽ തിരിച്ചെത്തിയിരുന്നു. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ഒട്ടേറെ പ്രമുഖ ചിത്രങ്ങളിൽ അഭിനയിച്ചു. പൃഥ്വിരാജ് ചിത്രം ജനഗണമനയിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആയിഷ ബീവിയാണ് ഭാര്യ. ഷമീർ ഖാൻ, അജിത് ഖാൻ എന്നിവരാണ് മക്കൾ.
Cinema bids farewell to Prem Nazir's son and actor Shanavas - Serial World