(moviemax.in)മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിനായി ആരാധകർ വലിയ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. എവർഗ്രീൻ കോംബോ എന്ന് വിളിക്കാവുന്ന ഈ കൂട്ടുകെട്ടിൽ നിന്ന് പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
നടി മാളവിക മോഹനന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ മോഹൻലാലും മാളവികയും നിറഞ്ഞുനിൽക്കുന്നു. കളർഫുൾ വൈബിലുള്ള പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. ഈ ഓണത്തിന്, അതായത് ആഗസ്റ്റ് 28-ന് ഹൃദയപൂർവ്വം തിയേറ്ററുകളിലെത്തും. സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ഈ ഇരുപതാമത്തെ ചിത്രത്തെക്കുറിച്ച് 'ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും. എന്നാൽ സത്യേട്ടന്റെ സാധാരണ സിനിമകളിൽ നിന്ന് മാറിയ ഒരു കഥയാണ്' എന്നാണ് മോഹൻലാൽ പറഞ്ഞത്.
'ഹൃദയപൂർവ്വം' ഒരു മികച്ച കുടുംബചിത്രമായിരിക്കും എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിൻ്റെ ഒരു മുഴുനീള എന്റർടെയ്നർ ചിത്രം പ്രതീക്ഷിക്കാം. സംഗീത് പ്രതാപും മോഹൻലാലും തമ്മിലുള്ള കോമ്പിനേഷൻ ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാകുമെന്നും ടീസർ വ്യക്തമാക്കുന്നുണ്ട്. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടിൽ അവസാനമായി പുറത്തിറങ്ങിയത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും 'ഹൃദയപൂർവ്വം' എന്ന സിനിമയ്ക്കുണ്ട്.
അഖിൽ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണവും ജസ്റ്റിൻ പ്രഭാകരൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. 'എമ്പുരാൻ'-ന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം കൂടിയാണിത്. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസ് വിതരണം ചെയ്യുന്നത്.
A poster with a colorful vibe; The poster of the film 'Hrudayapuvarma' is out