(moviemax.in) ആർജെ, വിജെ, ടെലിവിഷൻ അവതാരക, നടി, ഇൻഫ്ലുവൻസർ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന യുവതാരമാണ് വർഷ രമേശ്. മലപ്പുറത്തെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് തന്റെ സ്വപ്‌നങ്ങളെ പിന്തുടർന്ന് ഇന്ന് മലയാളികൾക്ക് സുപരിചിതയായ അവതാരകയായി മാറിയതിനെക്കുറിച്ച് താരം അടുത്തിടെ ഒരു അഭിമുഖത്തിൽ മനസ്സ് തുറന്നു.എംബിഎ ബിരുദധാരിയായ വർഷ, ക്യാമ്പസ് സെലക്ഷനിലൂടെ ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.
എന്നാൽ ചിക്കൻപോക്സ് ബാധിച്ചതിനെ തുടർന്ന് അവധിയെടുത്തപ്പോൾ മാനേജറുമായി ഉണ്ടായ വാക്കുതർക്കം ജോലി രാജി വെക്കുന്നതിന് കാരണമായി. അതിനുശേഷം തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ യാത്ര ചെയ്യാൻ തീരുമാനിച്ച വർഷ കൊച്ചിയിലെ ഒരു മീഡിയ കമ്പനിയിൽ കണ്ടന്റ് ക്രിയേറ്ററായി ജോലിയിൽ പ്രവേശിച്ചു. മീഡിയ മേഖലയിൽ പ്രവർത്തിക്കുന്നതിനോട് വീട്ടുകാർക്ക് തുടക്കത്തിൽ താൽപര്യമുണ്ടായിരുന്നില്ല. അച്ഛനോട് എച്ച്ആർ വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ അഭിനയമാണ് തന്റെ ലക്ഷ്യമെന്ന് അമ്മയോട് വെളിപ്പെടുത്തിയിരുന്നു. കൊച്ചിയിലേക്ക് വരുമ്പോൾ അമ്മ നൽകിയ നാലായിരം രൂപ മാത്രമാണ് കൈയിലുണ്ടായിരുന്നത്. മീഡിയ രംഗത്ത് സജീവമായതോടെ വീഡിയോകൾ നാട്ടിൽ പ്രചരിക്കാൻ തുടങ്ങി. ഇതോടെ വർഷ അഭിനയ രംഗത്താണ് പ്രവർത്തിക്കുന്നതെന്ന് അച്ഛൻ മനസ്സിലാക്കുകയും ഇത് വലിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തു. ഇതിനെ തുടർന്ന് ഒന്നര വർഷത്തോളം തമ്മിൽ സംസാരിച്ചിരുന്നില്ല. പിന്നീട് റേഡിയോ ജോക്കി ആയി ജോലി ലഭിച്ച ശേഷമാണ് അച്ഛൻ തന്നോട് വീണ്ടും സംസാരിച്ചു തുടങ്ങിയതെന്ന് വർഷ അഭിമുഖത്തിൽ പറഞ്ഞു.
Varsha on the success she achieved by following her dreams