(moviemax.in) സുധിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള സംഭവങ്ങൾ വേദനയോടെ ഓർത്തെടുത്ത് രേണു. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് താനും സുധിയും വഴക്കിട്ടുവെന്നും, പിണക്കം മാറിയെന്ന് താൻ അയച്ച സന്ദേശം സുധി കാണാതെ പോയെന്നും രേണു പറഞ്ഞു. "മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വീട്ടിലേക്ക് നേരത്തെ വരണമെന്ന് പറഞ്ഞ് ഞാൻ സുധി ചേട്ടന് മെസേജ് അയച്ചു. എന്താ ഇത്ര ലേറ്റ്?. റൂമിൽ എന്ത് ചെയ്യുവാ... വേഗം വായോ എന്ന് ഞാൻ പറഞ്ഞു. പൈസയ്ക്ക് കാത്തിരിക്കുകയാണ് സുധി ചേട്ടൻ പറഞ്ഞു. പപ്പയ്ക്കും കുഞ്ഞിനും വയ്യായിരുന്നു. അതുകൊണ്ടാണ് വേറെ ഷൂട്ടിന് പോകാതെ വേഗം വീട്ടിലേക്ക് വരാൻ ഞാൻ സുധി ചേട്ടനോട് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നത്.
അതിൻ്റെ പേരിൽ സംസാരിച്ച് സംസാരിച്ച് ഞാൻ ചേട്ടനോട് പിണങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ കരയുന്ന ഒരു സ്റ്റിക്കറും ടിനി ചേട്ടനും മറ്റുള്ളവരുമായുള്ള ഒരു സെൽഫിയും സുധി ചേട്ടൻ എനിക്ക് അയച്ചു. അതാണ് ലാസ്റ്റ് സെൽഫി. അഞ്ച് മിനിറ്റ് പോലും നിൽക്കുന്ന പിണക്കമല്ല ഞങ്ങളുടേത്. അതുകൊണ്ട് തന്നെ ഞാൻ വീണ്ടും ഏട്ടായെന്ന് വിളിച്ച് ചേട്ടന് മെസേജ് അയച്ചു. പക്ഷെ ഒന്നും റീഡായില്ല. ഒപ്പം പിണക്കം മാറിയെന്ന് പറഞ്ഞ് ഒരു ലവ് ചിഹ്നവും അയച്ചു. അതും ഡെലിവറായില്ല. സുധി ചേട്ടൻ കണ്ടിട്ടുമില്ല. ഞാൻ പിണക്കത്തിൽ തന്നെയാണ് എന്ന് ഏട്ടൻ കരുതി കാണുമോ അവസാന നിമിഷം എന്നൊരു സങ്കടമുണ്ട്," രേണു പറഞ്ഞു.
സുധി എന്നെങ്കിലും തൻ്റെ മുന്നിൽ വരികയാണെങ്കിൽ പിണക്കമൊന്നുമില്ലായിരുന്നുവെന്ന് പറയണമെന്നും രേണു വ്യക്തമാക്കി. "മെസേജ് റീഡ് ആകും മുമ്പ് ഏട്ടൻ പോയി. അത് എനിക്ക് ഒരിക്കലും തീരാത്ത വേദനയാണ്. സഹിക്കാൻ പറ്റാത്ത വേദനയാണ് എനിക്ക് അത്. കാറിൽ കയറിയപ്പോൾ ഉറങ്ങിക്കാണും. അന്ന് രാവിലെ ഞാൻ അഞ്ച് തവണ ചേട്ടനെ വിളിച്ചു. റിങ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ ആരും എടുത്തില്ല. സുധി ചേട്ടന്റെ ഫോൺ തിരികെ കിട്ടി. പക്ഷെ അത് ശരിയാക്കാൻ പറ്റാത്ത തരത്തിൽ തകർന്ന് പോയി," രേണു പറഞ്ഞു.
അപകടങ്ങളിൽ നിന്ന് താൻ രക്ഷപ്പെടുന്നത് സുധിയുടെ ആത്മാവ് തന്നെ താങ്ങുന്നത് കൊണ്ടാണെന്നും രേണു പറഞ്ഞു. കൂടാതെ തന്നെ വിമർശിക്കുന്നവർക്കെതിരെയും രേണു പ്രതികരിച്ചു. "രേണു ഇങ്ങനെ പോകുന്നതുകൊണ്ട് സുധി ചേട്ടന്റെ ആത്മാവ് വിഷമിക്കുമെന്ന് പലരും പറയുന്നു. അഴിഞ്ഞാടാൻ ഞാൻ പോകുന്നില്ല. അങ്ങനെ എങ്കിൽ കിട്ടുന്ന പൈസ മുഴുവൻ ധൂർത്തടിക്കുമായിരുന്നില്ലേ?. ഇവരുടെ വർത്തമാനം കേട്ടിട്ട് സുധി ചേട്ടന്റെ ആത്മാവ് വിഷമിക്കുന്നുണ്ടാകും. അദ്ദേഹത്തിന്റെ മക്കൾക്ക് ഒരു നേരത്തെ ഭക്ഷണത്തിനായാണ് ഞാൻ ജോലി ചെയ്യുന്നത്. എന്റെ മക്കളെ അവൾ ഉപേക്ഷിച്ചില്ലല്ലോയെന്ന് ഓർത്ത് അദ്ദേഹം സന്തോഷിക്കുന്നുണ്ടാകും," എന്നും രേണു കൂട്ടിച്ചേർത്തു.
Renu recalls the incident just before Kollam Sudhi's death