(moviemax.in) മലയാള സിനിമയ്ക്ക് എല്ലാകാലവും സർക്കാരിന്റെ ഭാഗത്തുനിന്ന് നല്ല പിന്തുണകിട്ടുന്നുണ്ടെന്ന് നടൻ മോഹൻലാൽ പ്രശംസിച്ചപ്പോൾ, 'ദി കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച പുരസ്കാരത്തെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചു. ചലച്ചിത്ര നയത്തിന് ദിശാബോധം നൽകാൻ സിനിമ കോൺക്ലേവിന് സാധിക്കുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മോഹൻലാൽ പ്രത്യാശ പ്രകടിപ്പിച്ചു. "നല്ല സിനിമ, നല്ല നാളെ" എന്ന ലക്ഷ്യത്തോടെ ജനാധിപത്യ രീതിയിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിന് അദ്ദേഹം ആശംസകൾ നേർന്നു. മലയാള സിനിമയ്ക്ക് എല്ലാ കാലത്തും സർക്കാരിന്റെ ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും സാംസ്കാരിക വകുപ്പിനും മന്ത്രിക്കും അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ചില പരിമിതികൾ ഉണ്ടാകാമെന്നും അത് കൂട്ടായ ചർച്ചകളിലൂടെ പരിഹരിക്കാമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.ചടങ്ങിൽ സംസാരിച്ച നടി സുഹാസി, മലയാള സിനിമ "ദൈവത്തിന്റെ സിനിമ"യാണെന്ന് വിശേഷിപ്പിച്ചു. മലയാള സിനിമ എപ്പോഴും ഒരു മാതൃകയാണെന്നും ഈ കോൺക്ലേവ് മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാവുമെന്നും അവർ പറഞ്ഞു.കോൺക്ലേവ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കുന്ന ഒരു സിനിമാ നയം കേരളത്തിൽ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു.
മലയാള സിനിമയുടെ മഹത്വത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 'ദി കേരള സ്റ്റോറി' എന്ന ചിത്രത്തിന് പുരസ്കാരം നൽകിയതിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. ഇത് കലയ്ക്കുള്ള അംഗീകാരമല്ല, മറിച്ച് സാംസ്കാരിക ദുഷിപ്പിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ഒന്നിച്ചു പ്രതികരിക്കണമെന്നും ഈ പുരസ്കാര പ്രഖ്യാപനം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
Cinema Conclave begins