(moviemax.in) നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. നവാസിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ കലാഭവൻ ദിലീപ്, നവാസുമായുള്ള അവസാന നാളുകളിലെ ഓർമ്മകൾ പങ്കുവെച്ചു. യുകെയിൽ നടക്കാനിരുന്ന വലിയൊരു ഷോയുടെയും പുതിയ സിനിമയുടെയും ആവേശത്തിലായിരുന്നു നവാസ് എന്ന് ദിലീപ് ഓർക്കുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കലാഭവൻ ദിലീപ് നിറകണ്ണുകളോടെ നവാസിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. "അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഷോ യുകെയിൽ നടക്കാനിരിക്കുകയായിരുന്നു. ഞാനാണ് ഷോ ഡയറക്ടർ. വിസ അടക്കം എല്ലാം ശരിയാക്കി കാത്തിരിക്കുകയായിരുന്നു," ദിലീപ് പറഞ്ഞു.
പുതിയ സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയിലായിരുന്നു നവാസ്. "മാട്ടുപ്പെട്ടി മച്ചാന് ശേഷം കിട്ടുന്ന ഏറ്റവും വലിയ സിനിമയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടായിരിക്കുമെടാ എന്ന് എന്നോട് പറഞ്ഞിരുന്നു. സിനിമയുടെ തിരക്കുകളിലേക്ക് കടക്കുന്നതിനാൽ ഇനി താൻ മറ്റൊരു ലോകത്തായിരിക്കുമെന്നും വിളിച്ചാൽ പോലും കിട്ടില്ലെന്നും നവാസ് പറഞ്ഞതായി ദിലീപ് ഓർക്കുന്നു. ആ വാക്കുകൾ അറംപറ്റിപ്പോയെന്നും ദിലീപ് വേദനയോടെ പറഞ്ഞു. ദിവസവും സംസാരിച്ചിരുന്ന ഒരാളുടെ മരണവാർത്ത ടെലിവിഷനിലൂടെ അറിയേണ്ടി വന്നതിന്റെ ആഘാതത്തിലാണ് താനെന്നും ദിലീപ് പറയുന്നു. തനിക്ക് 'കലാഭവൻ ദിലീപ്' എന്ന പേര് നേടിത്തന്നത് നവാസാണെന്നും അദ്ദേഹം ഓർത്തു. ഒരു കുറ്റാന്വേഷണ സിനിമയുടെ തിരക്കഥ നവാസ് എഴുതിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ദിലീപ് വെളിപ്പെടുത്തി.
'21 മിനുട്ട് വീഡിയോ കാളിൽ ഇന്നലെ വന്നാ എന്നെ ഒരുപാടു സ്നേഹിച്ച ജേഷ്ഠ തുല്യനായ കലാകാരൻ നവാസ് ഇക്കാ.അദേഹത്തിന്റെ വിസയും റെഡി ആയി ടിക്കറ്റും എടുത്തു ഇതുവരെ uk കാണാത്ത പ്രോഗ്രാം എല്ലാം സെറ്റ് ചെയ്തു നിൽകുമ്പോൾ പെട്ടന്ന് അദ്ദേഹം മാഞ്ഞു പോയി....എന്നെ കലാഭവനിൽ എത്തിച്ച എന്റെ ഗുരുനാഥൻ... എന്നെ നേർവഴിക്കു നയിച്ച കലാകാരൻ. എന്നിലെ നന്മകളെ ഞാൻ പോലും അറിയാതെ പറഞ്ഞു തന്ന കലാകാരൻ. കലാഭവൻ എന്നാ പേര് എനിക്ക് തന്ന കലാകാരൻ. ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത മികച്ച പെർഫോമൻസ് ചെയുവാൻ തയാറെടുപ്പു നടത്തിയ ജേഷ്ഠൻ ഈ ഓണ പ്രോഗ്രാമിന് എല്ലാവരും ഒരേ ഓണ കുപ്പായത്തിൽ സ്റ്റേജിൽ കയറുവാൻ വേണ്ടി എല്ലാവരുടെയും ഡ്രസ്സുകൾ വരെ ഡിസൈൻ ചെയ്ത ഞങ്ങളുടെ ജേഷ്ഠൻ... Uk പോന്നോണം ഷോയ്ക്കു വേണ്ടി വെറൈറ്റി കൾ ചെയ്ത കലാകാരൻ... പോയി' എന്നായിരുന്നു വീഡിയോക്ക് പുറമേയുള്ള പോസ്റ്റ് .
ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിലാണ് കലാഭവൻ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 'പ്രകമ്പനം' എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് അദ്ദേഹം ഇവിടെയെത്തിയത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.അൻപത്തിയൊന്ന് വയസ്സായിരുന്നു. ആശുപത്രി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലെത്തിച്ച് വൈകിട്ട് സംസ്കരിക്കും. കലാഭവൻ ട്രൂപ്പിലൂടെ മിമിക്രി രംഗത്ത് സജീവമായ നവാസ്, പിന്നീട് സിനിമയിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
Kalabhavan Dileep shares memories of Kalabhavan Nawas