(moviemax.in) കഴിഞ്ഞ ദിവസം വരെയും കലാരംഗത്ത് സജീവമായിരുന്ന കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.' പ്രകമ്പനം ' എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ എത്തിയതായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം നവാസിന്റെ മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് ദുഃഖം രേഖപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കിടുന്നത്.
നവാസിന്റെ വിയോഗം വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് നടൻ ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചത് . "പ്രിയ നവാസ്, നീ യാത്രയായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു സുഹൃത്ത് എന്നതിലുപരി, സ്വന്തം സഹോദരനായിരുന്നു നീ എനിക്ക്. നമ്മുടെ പിതാക്കന്മാർ തമ്മിലുണ്ടായിരുന്ന ആത്മബന്ധം പോലെ, നിയാസും നീയും എനിക്ക് എന്നും സഹോദരതുല്യരായിരുന്നു. ആഴമേറിയ ആ സ്നേഹബന്ധം ഓർമ്മകളിൽ ഒരു നിധി പോലെ എന്നെന്നും ഞാൻ സൂക്ഷിക്കും. നിൻ്റെ വിയോഗം ഹൃദയത്തിൽ ഒരു തീരാനോവാണ്, അനിയാ. നിൻ്റെ ഓർമ്മകൾക്ക് മരണമില്ല. സുന്ദരമായ നിൻറെ ഈ പുഞ്ചിരി, നിൻറെ സ്നേഹം, എല്ലാം.. ഒരു മായാത്ത നോവായി എക്കാലവും എൻറെ മനസ്സിൽ ജീവിക്കും. ആദരാഞ്ജലികൾ, പ്രിയ സഹോദരാ", എന്നായിരുന്നു ഷമ്മി തിലകന്റെ വാക്കുകൾ.
"കലാഭവൻ നവാസിന് ആദരാഞ്ജലികൾ", എന്നാണ് മമ്മൂട്ടി പറഞ്ഞത് . ടൊവിനോ തോമസ്, നിവിൻ പോളി, ദിലീപ് അനന്യ, ഉണ്ണി മുകുന്ദൻ തുടങ്ങി മലയാള സിനിമയിലെ മുൻനിര, യുവതാര, സംവിധാന, അണിയറ പ്രവർത്തകരെല്ലാം തന്നെ കലാഭവൻ നവാസിന് അനുശോചനം അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം, നവാസിന്റെ മൃതദേഹം ആശുപത്രി നടപടികൾക്ക് ശേഷം ഇന്ന് ഉച്ചക്ക് 12:30 ന് വീട്ടിലേക്കു എത്തിക്കും. 1 മണി മുതൽ 3 വരെ വീട്ടിലും 3 മുതൽ 5 വരെ ആലുവ ടൗൺ മസ്ജിദിലും ആയിരിക്കും പൊതുദർശനം നടക്കുക . 5:15 ന് ശേഷം പ്രാർത്ഥന കളോടെ സംസ്കാരം നടക്കും.
The Malayalam cinema world is unable to come to terms with Kalabhavan Navas' death
































