കൊച്ചി: നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന്. രാവിലെ എട്ടരയ്ക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി പത്ത് മണിയോടെ പോസ്റ്റ്മോർട്ടം നടത്തും. പ്രേക്ഷകരെ എന്നും ചിരിപ്പിച്ച അതുല്യ കലാകാരന്റെ ചിരിയാണ് മഞ്ഞത്. കലാഭവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്നു, പിന്നാലെ കോമഡി സ്കിറ്റുകളിലൂടെ സിനിമയിലേക്ക് കാലെടുത്ത് വെച്ച നവാസ് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു.
കെ എസ് പ്രസാദിന്‍റെ കൈപിടിച്ചാണ് ചിരിയുടെ സര്‍വകലാശാലയായ കലാഭവനിലേക്ക് കടന്നുവന്നത് . ആബേലച്ചന്‍റെ പിന്തുണ നവാസിനെ കലാഭവന്‍റെ സ്റ്റേജുകളില്‍ നിത്യസാന്നിധ്യമാക്കി. കുന്നംകുളത്തെ സ്റ്റേജില്‍ തുടക്കം. പാടാനുള്ള കഴിവ് ശബ്ദാനുകരണത്തില്‍ സമന്യയിപ്പിച്ചതോടെ താരങ്ങള്‍ നവാസിലൂടെ ഗായകരായി. നാടക ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്‍റെ മകന് അഭിനയിക്കാനുളള കഴിവ് ജന്മസിദ്ധമായിരുന്നു. ടെലിവിഷന്‍ ഷോകളിലൂടെ മലയാളിയുടെ വീടുകങ്ങളില്‍ സുപരിചിതനായി മാറിയ നവാസ് 1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിലെത്തി. മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈ ഡിയര്‍ കരടി, ചട്ടമ്പി നാട്, ചക്കരമുത്ത് മേരാം നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ മരിച്ച നിലയിൽ കാണുന്നത്. ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹോട്ടൽ മുറിയിലെത്തിയ റൂം ബോയിയാണ് നിലത്ത് വീണ നിലയിൽ നവാസിനെ ആദ്യം കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നുവെന്ന് ചോറ്റാനിക്കരയിലെ ഹോട്ടൽ ഉടമ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയപ്പോഴാണ് നവാസിന്റെ വിയോഗം. ഇന്നും നാളെയും തന്‍റെ ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്. പ്രിയ സുഹൃത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലായിരുന്നു ആശുപത്രിയിലെത്തിയവരൊക്കെയും. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്‌നയാണ് ഭാര്യ.
actor kalabavan navas death postmortem today