(moviemax.in) മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് കേരളം. കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമെന്നാണ് വിവരം. ചോറ്റാനിക്കര ടാറ്റ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ നവാസ് 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. നാടക, ടെലിവിഷൻ, സിനിമ രംഗത്ത് സജീവമായിരുന്നു നവാസ്.
കലാഭവനിൽ ചേർന്നതോടെയാണ് മിമിക്രി കലാകാരനായ നവാസ് കലാരംഗത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കലാഭവനിൽ നിന്നും സിനിമയിലേക്കെത്തിയ അദ്ദേഹം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങി. മിമിക്‌സ് ആക്ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്‌ലർ ബ്രദേഴ്‌സ്, ബസ് കണ്ടക്ടർ, കിടിലോൽ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാൻ, മിസ്റ്റർ ആൻഡ് മിസ്സിസ്, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, ചന്ദാമാമ, വൺമാൻ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെൺകുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.
നടനും മിമിക്രി താരവുമായ നിയാസ് ബക്കർ സഹോദരനാണ്. 'പ്രകമ്പനം' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിൽ എത്തിയത്. ജൂലൈ 25 മുതൽ അദ്ദേഹം ഇവിടെ താമസിച്ചുവരികയായിരുന്നു. ഷൂട്ടിങ് പൂർത്തിയായതിനാൽ ഇന്നു ഹോട്ടൽ മുറി ഒഴിയുമെന്നു നവാസ് അറിയിച്ചിരുന്നു. എന്നാൽ, ഏറെ സമയം കഴിഞ്ഞിട്ടും റൂം ചെക്ക്ഔട്ട് ചെയ്യാൻ നവാസ് എത്താത്തതിനെ തുടർന്നു ഹോട്ടൽ ജീവനക്കാർ മുറിയിലെത്തി നോക്കിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Kalabhavan Navas found dead in a hotel in Chottanikkara