(moviemax.in) അമ്മ താരസംഘടനയിൽ പുതിയ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് നടൻ ദേവൻ. സംഘടനയിലെ ആരോപണവിധേയരായ അംഗങ്ങളെ പുറത്താക്കാനുള്ള നടപടികൾ ജനറൽ ബോഡിയിൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ സ്ഥാനാർത്ഥിത്വത്തെ സംഘപരിവാർ മുഖമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ വെറും മണ്ടത്തരമാണെന്ന് ദേവൻ പറഞ്ഞു. സംഘടനയിൽ വരുന്ന ആർക്കും രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്ന് തോന്നുന്നില്ല. താൻ ബിജെപിയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, അമ്മയിലേക്ക് വരുമ്പോൾ രാഷ്ട്രീയമല്ല അജണ്ട. ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്ന് നടൻ ദേവൻ പറഞ്ഞു.
ശ്വേതാ മേനോൻ തന്നോടൊപ്പം മത്സരിക്കുന്നതിൽ സന്തോഷമുണ്ട് മത്സരബുദ്ധിയോടെ തന്നെയാണ് ഇതിനെ കാണുന്നതെന്നും ദേവൻ വ്യക്തമാക്കി. തന്റെ സ്ഥാനാർത്ഥിത്വത്തിന് മുതിർന്ന അംഗങ്ങളും പുതിയ തലമുറയും ഉൾപ്പെടെ എല്ലാവരുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ വളരെ ശുഭപ്രതീക്ഷയോടെയാണ് മത്സരത്തെ നോക്കിക്കാണുന്നതെന്നും ദേവൻ പറഞ്ഞു.
Actor Devan on the election in the AMMA star organization