(moviemax.in) പീഡനപരാതികളും അപവാദങ്ങളും മാത്രമാണ് താരസംഘടനയായ 'അമ്മ'യിൽ നിന്ന് തനിക്ക് ലഭിച്ചതെന്നും അതുകൊണ്ട് 'അമ്മ'യിൽ നിന്ന് എന്നന്നേക്കുമായി പിന്മാറുന്നുവെന്ന് നടൻ ബാബുരാജ്. തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സരിത എസ് നായരുടെ പരാതി ഇതിൻ്റെ ഭാഗമാണെന്നും ബാബുരാജ് നേരത്തെ പ്രതികരിച്ചിരുന്നു.
'അമ്മ' തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ തീരുമാനത്തിൽ കൂടുതൽ പ്രതികരണവുമായാണ് നടൻ ബാബുരാജ് രംഗത്തെത്തിയത്. പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സംഘടനയിൽ നിന്ന് സമ്മാനമായി ലഭിച്ചതെന്നും അതിനാൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് എന്നന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ് പറഞ്ഞു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ലെന്നും ബാബുരാജ് ഫേസ്ബുക്കിൽ കുറിച്ചു.
മോഹൻലാലിൻ്റെ പേര് വലിച്ചിഴച്ചതിൽ വേദനയെന്നും നടൻ കൂട്ടിച്ചേർത്തു. ജനൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിന്റെ പേര് ഉയർന്ന് വന്നതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ലൈംഗിക ആരോപണത്തിന് വിധേയനായ നടൻ ബാബുരാജ് മത്സരിക്കരുത് എന്ന പ്രതികരണവുമായി നടി മാല പാർവതി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
നടനും നിർമാതാവുമായ വിജയ് ബാബുവും ബാബുരാജ് മത്സരിക്കുന്നതിനെ എതിർത്തിരുന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നും തനിക്കെതിരെ ആരോപണമുയർന്നപ്പോൾ താനും മാറിനിന്നിട്ടുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. നേതൃസ്ഥാനത്തേക്ക് ഇത്തവണ സ്ത്രീകൾ വരട്ടെയെന്നും എ എം എം എയിലെ പല അംഗങ്ങളും പ്രതികരണം അറിയിച്ചിട്ടുണ്ട്.
Baburaj withdraws from AMMA's organization activities