(moviemax.in) മലയാള ചലച്ചിത്ര സംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെ എന്ന് നടൻ സലിം കുമാർ. പ്രസിഡന്‍റും ജനറൽ സെക്രട്ടറിയും സ്ത്രീകൾ ആവട്ടെ. അങ്ങനെ വന്നാൽ അമ്മ സമൂഹത്തിന് കൊടുക്കുന്ന നല്ലൊരു സന്ദേശമാകും അതെന്നും സലിം കുമാർ പറഞ്ഞു. ആരോപണവിധേയർ മത്സരിക്കണോ എന്ന ചോദ്യത്തിന് നടൻ പ്രതികരിച്ചില്ല.
അതേസമയം, അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ മത്സര ചിത്രം നാളെ അറിയാം. നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുന്‍തൂക്കം. ദേവന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് മത്സരിക്കുന്ന മറ്റ് രണ്ട് പേര്‍. പത്രിക നല്‍കിയെങ്കിലും ജഗദീഷും, ജയന്‍ ചേര്‍ത്തലയും, രവീന്ദ്രനും പിന്‍മാറിയതായാണ് വിവരം. ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സര തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍കുകയാണ് ബാബുരാജ്.
ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരും. മടുത്തിട്ടാണ് മോഹൻലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതെന്നും മല്ലിക പറഞ്ഞിരുന്നു.
Actor Salim Kumar wants women to head Malayalam film organization 'Amma'