മലയാളത്തിന്റെ പ്രിയ താരമാണ് ജയറാം. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജയറാം ഇപ്പോൾ ഇതര ഭാഷാ ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമാണ്. സൂര്യ, വിജയ്, രാം ചരൺ, അല്ലു അർജുൻ തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച ജയറാമിന്റേതായി മലയാളത്തിൽ ഏറ്റവും ഒടുവിലെത്തിയ ചിത്രം എബ്രഹാം ഓസ്ലർ ആണ്. ഈ സിനിമ റിലീസ് ചെയ്തിട്ട് ഒന്നൊന്നര വർഷമായി. ഇപ്പോഴിതാ തനിക്ക് നൂറ് ശതമാനം തൃപ്തി തരാത്തൊരു സിനിമ വരാത്തത് കൊണ്ടാണ് മലയാള സിനിമ ചെയ്യാത്തതെന്ന് പറയുകയാണ് ജയറാം.
'ഞാൻ ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നര വര്‍ഷത്തിലേറെയായി. എബ്രഹാം ഓസ്ലർ എന്ന സിനിമയാണ് അവസാനം ചെയ്തത്. അതിന് ശേഷം എന്തുകൊണ്ട് ഒരു മലയാളം ചിത്രം ചെയ്യുന്നില്ലെന്ന് ആളുകൾ ചോദിക്കാറുണ്ട്. മറ്റൊന്നും കൊണ്ടല്ല. മനസിന് 100% തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തതു കൊണ്ടു മാത്രമാണ്.
ആ ഇടവേളകളില്‍ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളില്‍ നിന്ന് അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് ഓഫറുകൾ വന്നു. ഓഫറുകൾ വരുന്നുണ്ട്. പക്ഷേ ഹെൽത്തിയായിട്ടുള്ള ഒന്ന് വരുന്നില്ല', എന്നായിരുന്നു ജയറാം പറഞ്ഞത്. മലയാളത്തിൽ നല്ലൊരു സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നുവെന്നും അങ്ങനെയാണ് ജൂഡ് ആന്റണി ജോസഫ് ആശകൾ ആയിരം സിനിമയുടെ സ്ക്രിപ്റ്റുമായി എത്തുന്നതെന്നും ജയറാം പറഞ്ഞു.
Jayaram says he didn't do Malayalam films because there wasn't a film that would satisfy him 100 percent.