(moviemax.in) ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ ഫഹദ് ഫാസിൽ, തന്റെ വിരമിക്കൽ പദ്ധതികളെക്കുറിച്ച് വീണ്ടും മനസ്സുതുറന്നിരിക്കുകയാണ്. ആളുകൾ എന്നെ ഉപേക്ഷിച്ചുകഴിഞ്ഞാൽ മാത്രമേ അഭിനയജീവിതത്തിന് ഒരു വിരാമമിട്ട് സ്പെയിനിലെ ബാഴ്‌സലോണയിൽ ഒരു ഊബർ ടാക്സി ഡ്രൈവറായി ജോലി ചെയുവാൻ താൻ ഒരുങ്ങുകയുള്ളുവെന്ന് ഫഹദ് ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആവർത്തിച്ചു.
2020-ൽ 'സി യു സൂൺ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഈ ആഗ്രഹം ആദ്യമായി വെളിപ്പെടുത്തിയത്. "ഇപ്പോൾ, ഒരു ഊബർ ഡ്രൈവർ ആകുക എന്നതല്ലാതെ എനിക്ക് ആസ്വദിക്കാൻ കഴിയുന്ന മറ്റൊന്നുമില്ല. അഭിനയലോകത്തിലെ വിരമതിനുശേഷം ബാഴ്‌സലോണയിലെ ആളുകളെ സ്പെയിനിലുടനീളം കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു," അന്ന് ഫഹദ് പറഞ്ഞിരുന്നു.
പുതിയ അഭിമുഖത്തിലും ഫഹദ് തന്റെ നിലപാടിൽ ഉറച്ചുനിന്നു. "ഞങ്ങൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് ബാഴ്‌സലോണയിൽ പോയിരുന്നു. ഞാൻ ഇപ്പോഴും അതിനെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നു. ആളുകൾ എന്നെ ഉപേക്ഷിച്ചുകഴിഞ്ഞാൽ മാത്രമേ അത് സംഭവിക്കൂ. ഒരാളെ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നത് മനോഹരമായ കാര്യമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഒരാളുടെ ലക്ഷ്യസ്ഥാനം കാണുകയാണ്. വാഹനമോടിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ വാഹനമോടിക്കും. അവിടെയും ഇവിടെയും എല്ലായിടത്തും. ഡ്രൈവിങ് ഞാൻ വളരെയധികം ആസ്വദിക്കുന്ന ഒന്നാണ്. അത് എനിക്ക് വേണ്ടിയുള്ള സമയമാണ്," ഫഹദ് കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിൽക്കാൻ ഇഷ്ടപ്പെടുന്ന താരമാണ് ഫഹദ് ഫാസിൽ. കഴിഞ്ഞ ഒരു വർഷമായി താൻ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നില്ലെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ താനുമായി ബന്ധപ്പെടാനുള്ള ഏക മാർഗം ഇ-മെയിൽ മാത്രമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഫഹദ് വെളിപ്പെടുത്തിയിരുന്നു.
Fahadh Faasil will become an Uber driver in Barcelona if he stops acting