(moviemax.in) അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് പോര്‍ക്കളം ചൂട് പിടിക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ എഴുപതിനാലുപേർ പത്രിക സമര്‍പ്പിച്ചു. നടന്‍ ജഗദീഷ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കും. ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ സംഘടനയ്ക്കുള്ളില്‍ രണ്ട് അഭിപ്രായമാണുള്ളത്.
വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ അമ്മ ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് വാശിയേറിയ പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. മത്സരരംഗത്തേക്ക് ഇല്ല എന്ന് മോഹന്‍ലാല്‍ അറിയിച്ചതിന് പിന്നാലെ നടന്‍ ജഗദീഷും നടി ശ്വേതാ മേനോനും നടന്‍ രവീന്ദ്രനും പ്രസിഡണ്ട് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. എഴുപതിനാല് പേരാണ് നിലവില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയിരിക്കുന്നത്. സൂക്ഷ്മ പരിശോധനയ്ക്കുശേഷം ആകും അന്തിമ ചിത്രം വ്യക്തമാക്കുക. മുന്‍പ് ഭരണസമിതിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ യുവാക്കളും സ്ത്രീകളും ഇപ്രാവശ്യം മത്സര രംഗത്തുണ്ട്.
അതേസമയം ബാബുരാജ് ജയന്‍ ചേര്‍ത്തലയും അടക്കമുള്ള മുന്‍ ഭരണസമിതിയിലെ അംഗങ്ങള്‍ ഇപ്രാവശ്യവും മത്സരിക്കാന്‍ തീരുമാനിച്ചതോടെ ആരോപണ വിധേയരെ മാറ്റിനിര്‍ത്തണമെന്ന് അഭിപ്രായവും ശക്തമായി സംഘടനകത്തുള്ള അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നുണ്ട്.നടന്‍ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ജയന്‍ ചേര്‍ത്തല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമാണ് മത്സരിക്കുക. അന്‍സിബ ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ച ജോയ് മാത്യുവിന്റെ പത്രിക തള്ളിയിട്ടുണ്ട്. പേരുമായി ബന്ധപ്പെട്ട ആശയ കുഴപ്പമാണ് പത്രിക തള്ളാന്‍ കാരണം.
AMMA elections Jagadish Swetha Menon and Raveendran will contest for the post of president