(moviemax.in) മോഹൻലാല്‍ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മലയാളത്തിന് എക്കാലവും പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തവയില്‍ കുറേ എണ്ണമെങ്കിലുമുണ്ടാകുമെന്നതിനാല്‍ ഹൃദയപൂര്‍വവും പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ താടി ട്രിം ചെയ്‍ത് സ്റ്റൈലൻ ലുക്കിലാണ് മോഹൻലാല്‍ ഉള്ളത്. സത്യൻ അന്തിക്കാടിന്റെ ഹൃദയപൂര്‍വം സിനിമയുടെ ടീസര്‍ ഇന്ന് വൈകുന്നേരം പുറത്തിറക്കുമെന്നാണ് പുതിയ അപ്‍ഡേറ്റ്.
എങ്ങനെയുള്ളതായിരിക്കും മോഹൻലാല്‍ ചിത്രം എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത്. നേരത്തെ നേര് എന്ന ഒരു സിനിമ വൻ വിജയമായത് കാണിക്കുന്നത് നമ്മളില്‍ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ് എന്നും സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന മോഹൻലാല്‍ ചിത്രമായിരിക്കും ഹൃദയപൂര്‍വമെന്നാണ് പ്രതീക്ഷ. സന്ദീപ് ബാലകൃഷ്‍ണൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ ഉണ്ടാകുക. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. ബോക്സ് ഓഫീസില്‍ സത്യൻ അന്തിക്കാട് മോഹൻലാല്‍ ചിത്രം വൻ നേട്ടം കൊയ്യുമെന്നുമാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
എന്നും എപ്പോഴും എന്ന സിനിമയാണ് ഒടുവില്‍ മോഹൻലാലിനെ നായക വേഷത്തില്‍ എത്തിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രത്തില്‍ മഞ്‍ജു വാര്യരായിരുന്നു നായികയായി എത്തിയത്. ഇന്നസെന്റും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു.
സംവിധായകൻ സത്യൻ അന്തിക്കാടിന്റേതായി ഒടുവിലെത്തിയ ചിത്രം മകള്‍ വൻ വിജയമായി മാറിയിരുന്നില്ല എന്നതിനാല്‍ മോഹൻലാലുമൊത്ത് എത്തുമ്പോള്‍ വലിയൊരു തിരിച്ചുവരവ് ലക്ഷ്യമിടുന്നു. മകളില്‍ ജയറാമായിരുന്നു നായകനായി വേഷമിട്ടത്. മീരാ ജാസ്‍മിൻ നായികയുമായി. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധായകൻ സത്യൻ അന്തിക്കാട് ആലോചിച്ചിരുന്നുവെങ്കിലും ഉപേക്ഷിച്ചതായിട്ടാണ് മനസിലാകുന്നത്.
Mohanlal's new movie Hridayapoorvam teaser to be released this evening