പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രം. മികച്ച അഭിപ്രായം നേടിയ ചിത്രത്തിൽ പൃഥ്വി അവതരിപ്പിച്ച ഡോക്ടർ രവി തരകൻ എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം തുറന്നു പറയുകയാണ് ലാൽ ജോസ്.
ചിത്രത്തിൽ പൃഥ്വിരാജ് കരഞ്ഞുകൊണ്ട് ഒരു കുട്ടിയുടെ കാലിൽ തൊടുന്ന രംഗമുണ്ട്. കഥയിൽ ആ സീനുള്ളതുകൊണ്ടാണ് സിനിമ ചെയ്യാൻ താൻ തീരുമാനിച്ചതെന്നും കുട്ടിയെ ചികിത്സിക്കാൻ കഴിയില്ലെന്ന് പറയുന്ന അവസ്ഥയിലേക്ക് ഒരു ഡോക്ടറെ എത്തിച്ച സംഭവം എന്താണെന്നുള്ളത് കൗതുകം ജനിപ്പിക്കുന്നതാണെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
''ആ സീൻ സ്ക്രിപ്റ്റിലുള്ളതാണ്. സിനിമ ഞാൻ ചെയ്യാമെന്ന് തീരുമാനിക്കുന്നത് തന്നെ കഥയിൽ ആ മൊമന്റ് എനിക്ക് ഇഷ്ടമായതുകൊണ്ടാണ്. ഒരു ഡോക്ടർ കുഞ്ഞിനെ ചികിത്സിക്കാൻ കഴിയില്ല എന്ന് പറയുന്ന അത്രയും ക്രൂരനാകുന്ന ഒരു സാഹചര്യം. എന്തുകൊണ്ട് അയാൾ ആ അവസ്ഥയിലേക്കെത്തി എന്നത് കൗതുകമുള്ള കാര്യമാണ്. പിന്നെ അയാൾ കുഞ്ഞിന്റെ കാല് തൊട്ട് മനസിൽ മാപ്പ് പറയുന്ന നിമിഷം. അത് രണ്ടും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നതാണ്,' ലാൽ ജോസ് പറയുന്നു.
നരെയ്ൻ, സംവൃത സുനിൽ, പ്രതാപ് പോത്തൻ, രമ്യ നമ്പീശൻ, കലാഭവൻ മണി തുടങ്ങിയവരാണ് സിനിമയിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോബി - സഞ്ജയ് തിരക്കഥയെഴുതിയ സിനിമ നിർമിച്ചത് പ്രേം പ്രകാശ് ആയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു.
Lal Jose aboput Reason for deciding to direct Ayalum Njanum Thammil movie