(moviemax.in) ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ നിന്നുള്ള ഒരു ഗൈനക്കോളജിസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഡോ. ഉമ്മുൽ ഖൈർ ഫാത്തിമയാണ് ഹൃദയസ്പർശിയായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഒരു ആശുപത്രിയുടെ ലേബർ റൂമിൽ നിന്നും പകർത്തിയിരിക്കുന്നതാണ് ഈ രംഗങ്ങൾ.
പ്രസവിക്കാനെത്തിയ ഭാര്യ കടന്നു പോകുന്ന വേദനകളെ കുറിച്ചോർത്ത് മെഡിക്കൽ ടീമിന് മുന്നിൽ ഹൃദയം തകർന്ന് നിൽക്കുന്ന, കരഞ്ഞുപോകുന്ന ഒരു യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്.
1.6 മില്ല്യൺ ഫോളോവർമാരുള്ള ആളാണ് ഡോ. ഉമ്മുൽ ഖൈർ ഫാത്തിമ. ഡോക്ടർ യുവാവിനോട്, 'നിങ്ങൾ നിങ്ങളുടെ ഭാര്യയെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്' എന്ന് ചോദിക്കുന്നത് കാണാം. 'ഞാനവളെ ഒരുപാട് സ്നേഹിക്കുന്നു' എന്നാണ് യുവാവിന്റെ മറുപടി. 'എല്ലാവർക്കും സ്നേഹനിധിയായ ഒരു ഭർത്താവിനെ കണ്ടെത്താനാവട്ടെ' എന്ന കാപ്ഷനോടുകൂടിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
ഷെയർ ചെയ്തതിന് പിന്നാലെ 414,000 ലൈക്കുകളും 3,000 -ത്തിലധികം കമന്റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു കഴിഞ്ഞു. വീഡിയോയിൽ കാണുന്നത് യുവാവ് ലേബർ റൂമിനകത്ത് നിന്നും കരയുന്നതാണ്. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയും അയാൾ തന്റെ കരച്ചിലടക്കാൻ പാടുപെടുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. അയാൾക്ക് ചുറ്റുമായി അയാളുടെ ഭാര്യയും മറ്റ് ബന്ധുക്കളുമെല്ലാം നിൽക്കുന്നുണ്ട്.
യുവാവിന് എങ്ങനെയും തന്റെ കരച്ചിലടക്കാൻ കഴിയുന്നില്ല. അയാൾ ഏങ്ങിയേങ്ങി കരയുകയാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇതുപോലുള്ള പുരുഷന്മാർ ജീവിതത്തിലെ എല്ലാ സന്തോഷവും അർഹിക്കുന്നുണ്ട്... സഹോദരാ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു ഒരാളുടെ കമൻറ്. 'ഇത് വളരെ ക്യൂട്ടായിരിക്കുന്നു, എല്ലാ ഭർത്താക്കന്മാരും ഇത്രയും സ്നേഹമുള്ളവരായിരുന്നു എങ്കിൽ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അനേകങ്ങളാണ് വീഡിയോ കണ്ട് സമാനമായ കമന്റുകളുമായി എത്തിയത്. ഇതുപോലെയുള്ള വീഡിയോകൾ ഡോ. ഉമ്മുൽ ഖൈർ ഫാത്തിമ തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.
wife goes into labour man crying video