(moviemax.in) തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് ടൂറിസ്റ്റ് ഫാമിലി. അബിഷന്‍ ജീവിന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ശശികുമാറും സിമ്രനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തമിഴില്‍ വന്‍ പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തിയ ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും ഈ വര്‍ഷം ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീണെങ്കില്‍ ബഹളങ്ങളില്ലാത്ത ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. അതിലൊന്നാണ് ടൂറിസ്റ്റ് ഫാമിലിയും.
ചിത്രം നേടുന്ന കളക്ഷന്‍ സംബന്ധിച്ച് നിരവധി കണക്കുകള്‍ ട്രാക്കര്‍മാര്‍ നേരത്തേ പുറത്തുവിടുന്നുണ്ട്. എന്നാല്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഒരു ബോക്സ് ഓഫീസ് കണക്ക് പുറത്തെത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ആദ്യമായി ഒരു കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മ്മാതാക്കളില്‍ നിന്ന് പുറത്തെത്തിയിരിക്കുകയാണ്.
മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ്, എംആര്‍പി എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളില്‍ നസെരത്ത് പസിലിയന്‍, മഗേഷ് രാജ് പസിലിയന്‍, യുവരാജ് ഗണേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെയ് 1 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. 23-ാം ദിവസം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് ചിത്രം 75 കോടിയില്‍ അധികമാണ് ഇതിനകം നേടിയിരിക്കുന്നത്. ട്രാക്കര്‍മാര്‍ പറയുന്നതിനേക്കാള്‍ ചെറിയ തുകയാണ് ഇതെന്നതാണ് കൗതുകം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം ഇന്നലെ വരെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത് 78.5 കോടിയാണ്
Tourist family film collection report out