ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന നടിയാണ് അമല പോൾ. മാനസികമായി തകർന്ന് പോയ കാലത്തെക്കുറിച്ചും പിന്നീടുള്ള തിരിച്ച് വരവിനെക്കുറിച്ചും അമല സംസാരിച്ചിട്ടുണ്ട്. ആത്മീയതയിലാണ് വിഷമഘട്ടത്തിൽ അമല അഭയം പ്രാപിച്ചത്. കരിയറിൽ ഇടയ്ക്ക് സജീവമല്ലാതെയായി. വീണ്ടും സിനിമകൾ ചെയ്ത് കൊണ്ടിരിക്കെയായിരുന്നു ജഗത് ദേശായിയുമായുള്ള വിവാഹം. ഗോവയിൽ വെച്ച് പരിചയപ്പെട്ട ഇരുവരും വളരെ പെട്ടെന്ന് അടുത്തു. ജഗത്തിനെ കണ്ട് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ താൻ ഗർഭിണിയായെന്നാണ് അമല പോൾ പറയുന്നത്.
ഇലെെ എന്നാണ് അമല പോളിന്റെയും ജഗത് ദേശായിയുടെയും മകന്റെ പേര്. ഇലെെയാണ് തന്റെയും ജഗത്തിന്റെയും റിലേഷൻഷിപ്പിനെ പൂർണമാക്കിയതെന്ന് അമല പറയുന്നു. മുൻപ് പ്രണയ പരാജയങ്ങളുണ്ടായെങ്കിലും ഇന്ന് താനാഗ്രഹിച്ചത് പോലെയൊരു പങ്കാളിയെ ലഭിച്ച സന്തോഷത്തിലാണ് അമല പോൾ. ഭർത്താവിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ അമല പോൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുഞ്ഞ് ജനിച്ച ശേഷമുണ്ടായ ഒരു സംഭവമാണ് അമല പോൾ പങ്കുവെച്ചത്.
കുഞ്ഞിനൊപ്പം മറുപിള്ളയും നമ്മൾക്കൊപ്പം ട്രാവൽ ചെയ്യുകയല്ലേ. പണ്ട് കാലത്ത് ഒരു ചടങ്ങുണ്ടായിരുന്നു. പഴയ തലമുറകൾ ചെയ്തിട്ടുണ്ട്. കുഞ്ഞ് പിറന്ന ശേഷം മറുപിള്ള കുഴിച്ചിടും. പൂജാചടങ്ങ് ചെയ്താണ് അത് ചെയ്യുക. അതിന്റെ മറ്റൊരു അർത്ഥം ഒരു സ്ത്രീക്ക് അത് വരെയുണ്ടായിരുന്ന ട്രോമയും നെഗറ്റിവിറ്റിയും മറുപിള്ളയിലൂടെ പോകും. അമ്മയ്ക്കും കുഞ്ഞിനും ഇനി പുതിയ ജന്മമാണ്. ജഗത് ആണ് എന്റെ മറുപിള്ള കുഴിച്ചിട്ടത്. ഞാൻ ഹോസ്പിറ്റലിലായിരുന്നു. കുഞ്ഞ് പിറന്ന് രണ്ടാമത്തെ ദിവസം മറുപിള്ള കൊണ്ട് പോയി കുഴിച്ചിട്ടു.
കുഴിച്ചിട്ട ശേഷം ജഗത് എന്നോട് വന്ന് പറഞ്ഞത് ഇതറിയാമായിരുന്നെങ്കിൽ ആദ്യം കാണുമ്പോൾ പിക്കപ്പ് ലെെനായി നിന്റെ മറുപിള്ള കുഴിച്ചിട്ടോയെന്ന് ചോദിച്ചേനെയെന്നാണ്. ഈ പേര് തന്റെയും ജഗത്തിന്റെയും പ്രണയകഥ സിനിമയാകുമ്പോൾ ഇടണമെന്നുണ്ടെന്നും അമല പോൾ പൊട്ടിച്ചിരിയോടെ പറഞ്ഞു. ഞങ്ങളുടെ സ്റ്റോറി ഒരു സിനിമയാക്കണമെന്ന് ഞാനും ജഗത്തും എപ്പോഴും പറയും. ഈ പേര് ഉൾക്കൊള്ളാൻ പ്രേക്ഷകർ തയ്യാറാണോ എന്ന് തനിക്കറിയില്ലെന്നും അമല പോൾ പറഞ്ഞു.
2023 ലാണ് അമല പോൾ-ജഗത് ദേശായി വിവാഹം നടന്നത്. നടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. സംവിധായകൻ എഎൽ വിജയ് ആണ് അമലയുടെ മുൻ ഭർത്താവ്. 2014 ൽ വിവാഹം ചെയ്ത ഇവർ 2017 ൽ പിരിഞ്ഞു. മലയാളിയായ അമല പോൾ തമിഴ് സിനിമകളിലൂടെയാണ് ജനപ്രീതി നേടുന്നത്. മെെന കരിയറിൽ വഴിത്തിരവായ സിനിമയായി. പിന്നീട് സൂപ്പർതാര ചിത്രങ്ങളിൽ നായികയായി തിളങ്ങി. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു എഎൽ വിജയുമായുള്ള വിവാഹം.
വിവാഹ ശേഷം അമല സിനിമകൾ ചെയ്തത് എഎൽ വിജയുടെ കുടുംബത്തിൽ എതിർപ്പ് വന്നു. ഈ പ്രശ്നങ്ങളാണ് വിവാഹ മോചനത്തിലേക്ക് എത്തിയത്. വേർപിരിയലിന് ശേഷം നടി സിനിമാ രംഗത്ത് വീണ്ടും സജീവമായി. കരിയറും കുടുംബ ജീവിതവും ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകാനാണ് അമല പോളിന്റെ തീരുമാനം. നടിയുടെ സിനിമാ കരിയറിന് ജഗത് ദേശായി വലിയ പിന്തുണ നൽകുന്നു. ലെവൽ ക്രോസ് ആണ് അമല പോളിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
amalapaul opens up about things happened after her delivery mention husband