(moviemax.in) തരുൺ മൂർത്തി-മോഹൻലാൽ സിനിമ കണ്ടവർ എല്ലാവരും ശേഷം ഏറ്റവും കൂടുതൽ തിരഞ്ഞ മുഖമാണ് മോഹൻലാലിന്റെയും ശോഭനയുടേയും മകളായി അഭിനയിച്ച പവിത്രയുടെ യഥാർത്ഥ പേരും വിവരങ്ങളും. പവിത്ര ഷൺമുഖമായി മികച്ച പ്രകടനമാണ് അമൃത വർഷിണിയെന്ന കൊച്ചുമിടുക്കി കാഴ്ചവെച്ചത്. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ കൂടിയായ അമൃത റീൽസ് വീഡിയോകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടരും സിനിമയിലെ പവിത്രയെ കണ്ടവരാരും അമൃതയുടെ ആദ്യ സിനിമയാണ് തുടരുമെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല.
അത്രത്തോളം ഗംഭീരമായിരുന്നു അനുഭവം. ഇപ്പോഴിതാ റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തുടരും ഷൂട്ടിങ് അനുഭവങ്ങളും രസകരമായ ഓർമകളും പങ്കുവെക്കുകയാണ് അമൃത വർഷിണി. ആദ്യ സിനിമ തന്നെ ബ്ലോക്ക് ബസ്റ്ററായതിൽ സന്തോഷത്തിലാണ്. ആദ്യ സിനിമ ഹിറ്റായി ഇനി നീ എങ്ങനെ അടുത്ത സിനിമ ചൂസ് ചെയ്യുമെന്ന് തരുൺ സാർ ചോദിക്കാറുണ്ട്. ഇനി സൂക്ഷിക്കണമല്ലോ... അമൃത വർഷിണി പറഞ്ഞ് തുടങ്ങുന്നു.
എന്റെ മാമൻ ബിനു പപ്പു ചേട്ടന്റെ സുഹൃത്താണ്. അവർ തമ്മിലുള്ള സംസാരത്തിനിടയിൽ ഒരു പെൺകുട്ടിയെ വേണമെന്ന് പറഞ്ഞു. മാമൻ എന്റെ ഫോട്ടോ കൊടുത്തു. പിറ്റേദിവസം ഓഡീഷന് പോയി. രണ്ട് സിറ്റുവേഷൻ തന്ന് അഭിനയിക്കാനാണ് പറഞ്ഞത്. ബിനു ചേട്ടനും തരുൺ സാറുമായിരുന്നു ഓഡീഷൻ എടുത്തത്. ആദ്യത്തെ സിറ്റുവേഷൻ ചേട്ടനെ കുറിച്ച് അച്ഛനോട് കുറ്റം പറയുന്നതായിരുന്നു. രണ്ടാമത്തേത് ബിനു ചേട്ടനൊപ്പം അപരിചിതൻ വീട്ടിലേക്ക് കയറി വരുമ്പോഴുള്ള ഭയം കാണിക്കാനുള്ളതായിരുന്നു.
ബിനു ചേട്ടൻ കയറി വന്നപ്പോൾ ഓഡീഷനായിട്ട് പോലും ഞാൻ ശരിക്കും പേടിച്ച് പോയി. കരഞ്ഞു. അങ്ങനെയായിരുന്നു ഓഡീഷൻ. പക്ഷെ പിന്നീട് വിളിയൊന്നും വന്നില്ല. അപ്പോഴേക്കും രണ്ട്, മൂന്ന് ആഴ്ച കഴിഞ്ഞിരുന്നു. ശേഷം ഒരു ദിവസം കോൾ വന്നു. അന്ന് വീട്ടിൽ കുറച്ച് ഗസ്റ്റുള്ള ദിവസമായിരുന്നു. സെലക്ടായി എന്ന് അറിഞ്ഞപ്പോൾ ഒരു ഷോക്കായിരുന്നു. പിന്നെ ഞാനും ബ്രദറും കൂടി തുള്ളിച്ചാടുകയായിരുന്നു. ഞങ്ങൾക്ക് ഭ്രാന്തായോയെന്ന് ഗസ്റ്റ് പോലും പേടിച്ചു അമൃത പറഞ്ഞു. ഞാൻ ചോറ്റാനിക്കര സ്വദേശിയാണ്. ഒമ്പതം ക്ലാസ് പാസായി. ഇനി പത്താം ക്ലാസിലേക്കാണ്. അതിന്റേതായ ചില ഭയമൊക്കെയുണ്ട്.
ലാൽ സാറിന്റെ മുഖവുമായി ഛായയുള്ള പെൺകുട്ടിയെയാണ് അവർ മകളായി അന്വേഷിച്ചിരുന്നത്. ലാൽ സാറിന്റെ മുഖവുമായി എനിക്ക് ഛായയുണ്ടെന്ന് അണിയറപ്രവർത്തർക്ക് തോന്നിയത് തന്നെ എനിക്ക് ഒരു കോംപ്ലിമെന്റാണ്. അതിൽ കൂടുതൽ ഇനി എന്തുവേണം. ലാലേട്ടനൊപ്പം ബാത്ത്റൂം സീനായിരുന്നു ആദ്യം എടുത്തത്. പിന്നീട് ബീറ്റ്റൂട്ട് കൊണ്ട് ലിപ്സ്റ്റിക്ക് ആക്കുന്ന സീനൊക്കെ എടുത്തു. അത് സോങ് കട്ടിന് വേണ്ടിയുള്ളതായിരുന്നു. ഒരു ഫാഷനബിൾ കുട്ടിയാണ് തുടരുമിൽ എന്റെ പവിത്ര.
ലാലേട്ടനൊപ്പം അഭിനയിക്കാൻ പോവുകയാണെന്ന് അറിഞ്ഞപ്പോൾ ടെൻഷനും എക്സൈറ്റ്മെന്റും എല്ലാം ഉണ്ടായിരുന്നു. ശോഭനാ മാമിനൊപ്പം ചെയ്തപ്പോൾ വന്നതുപോലെ ഒരുപാട് ടേക്ക് ഞാൻ കാരണം എടുക്കേണ്ടി വരുമോയെന്ന ടെൻഷനായിരുന്നു. സിനിമയിലെ തന്നെ ആദ്യത്തെ ഷോട്ട് എനിക്ക് ശോഭന മാമിനൊപ്പമായിരുന്നു. അത് എന്നെ വെള്ളം കുടിപ്പിച്ച സീനായിരുന്നു. ഡയലോഗും ഉണ്ടായിരുന്നു. പക്ഷെ ലാലേട്ടനൊപ്പമുള്ള ആദ്യ ഷോട്ടിൽ അധികം ഡയലോഗ് ഉണ്ടായിരുന്നില്ല.
അഭിനയിച്ചാൽ മാത്രം മതി എന്നത് ഒരു ആശ്വാസമായിരുന്നു. ഷോട്ട് കഴിഞ്ഞപ്പോൾ ജീവിതത്തിലും നീ പവിത്രയെപ്പോലെയാണോ? കണ്ടിട്ട് നീയും പവിത്രയുമായി വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു ലാലേട്ടൻ പറഞ്ഞത്. ഏകദേശം ഞാൻ പവിത്രയുടെ സ്വഭാവങ്ങളൊക്കെ ഉള്ളയാളാണ്.
ലാലേട്ടനൊപ്പം ഫോട്ടോയെടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ കോസ്റ്റ്യൂമിലായതുകൊണ്ടുള്ള ബുദ്ധിമുട്ടുണ്ട്. ഞാൻ ഇതേ കുറിച്ച് അണിയറപ്രവർത്തകരോട് സംസാരിച്ചു. കുറച്ച് കഴിഞ്ഞ് ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അമൃത എവിടെയെന്നും ചോദിച്ച് ലാലേട്ടൻ വന്നു. അമൃത എവിടെ എനിക്ക് അമൃതയ്ക്കൊപ്പം ഫോട്ടോ എടുക്കണമെന്നാണ് ലാലേട്ടൻ പറഞ്ഞത്. ആർക്കും സംഭവമെന്താണെന്ന് മനസിലായില്ല.
ബിനു ചേട്ടൻ അടക്കം അന്താളിച്ച് നിൽക്കുകയാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ഞാൻ അതൊക്കെ അവിടെ വെച്ച് വേഗം ഓടിചെന്നു. ഞാനും അമ്മയും സഹോദരനുമെല്ലാം ലാലേട്ടനൊപ്പം നിന്ന് ഫോട്ടോയെടുത്തു. ഈ സംഭവത്തിനുശേഷമാണ് ബെൻസിന്റെ പോക്കറ്റിൽ നിന്നും മകൾ കാശെടുക്കുന്ന സീൻ ഷൂട്ട് ചെയ്തത്. അതിന് മുമ്പ് ഇങ്ങനൊരു ഇന്ററാക്ഷൻ നടന്നതുകൊണ്ട് തന്നെ ടെൻഷൻ റിലീഫായി. ആ സീനിൽ ഡയലോഗുമുള്ളതായിരുന്നു. ഡയലോഗ് ഡെലവറി എനിക്ക് കുറച്ച് ബുദ്ധിമുട്ടാണ്. കാരണം എന്റെ ശൈലി കേറി വരും. പവിത്രയ്ക്ക് വേണ്ടത് പത്തനംതിട്ടക്കാരുടെ ശൈലിയുമാണല്ലോ. അതിന്റെ ഒരു ടെൻഷനുണ്ടായിരുന്നു. കൊയിലാണ്ടി സ്ലാങ്ങാണ് എനിക്കുള്ളത്. ഡബ്ബിങ് സമയത്ത് തരുൺ സാറും ബിനു ചേട്ടനും ഒപ്പമുണ്ടായിരുന്നു.
ഒരിക്കലും ശോഭന മാമിനേയും ലാലേട്ടനേയും ക്ഷീണിതരായി കണ്ടിട്ടില്ല. നൃത്തത്തെ കുറിച്ചും വായനയെ കുറിച്ചുമൊക്കെ ഇരുവരും സംസാരിക്കുന്നത് കേൾക്കാറുണ്ട്. ഞാനും ഒപ്പം പോയിരുന്ന് കേട്ടിട്ടുണ്ട്. എപ്പോഴും എനർജെറ്റിക്കാണ് ഇരുവരും. പാക്കപ്പ് ഡെയ്ക്ക് മുമ്പ് എന്റെ ഷൂട്ട് തീർന്നു. അന്ന് കുറച്ച് വിഷമം വന്നു. എല്ലാവരും വന്ന് എന്നെ കുറിച്ച് സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. മിക്സ്ഡ് ഇമോഷനായിരുന്നു. റിലീസിനുശേഷം ആരെയും മീറ്റ് ചെയ്യാൻ പറ്റിയിട്ടില്ല.
പക്ഷെ പ്രമോ ഷൂട്ടിനും കണ്ടിരുന്നു അമൃത പറയുന്നു. സിനിമ കണ്ട് എല്ലാവരും അഭിനന്ദിക്കാൻ വിളിക്കുന്നുണ്ട്. പലർക്കും പരാതി ടിക്കറ്റ് കിട്ടുന്നില്ലെന്നതാണ്. ലാലേട്ടന്റെ നമ്പർ ഞാൻ ചോദിച്ചോയെന്ന് ചോദിച്ചാൽ ഒരു രസകരമായ സംഭവമുണ്ട്... കാർ സീൻ ഷൂട്ട് കഴിഞ്ഞപ്പോൾ ലാൽ സാർ അദ്ദേഹത്തിന്റെ കാറിലേക്ക് എന്നെ ക്ഷണിച്ചു. അംബാസിഡറിൽ തന്നെ തിരിച്ച് പൊക്കോളമെന്ന രീതിയിലായിരുന്നു ഞാൻ.
അതിനിടയിൽ വേറൊരാൾ വന്ന് ലാൽ സാർ വിളിക്കുന്നുവെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ വാഹനത്തിൽ കയറാൻ പോയപ്പോൾ ഒരു ആന്റി ഓടി വന്നു. തിരുവനന്തപുരത്ത് നിന്ന് സാറിനെ കാണാൻ വന്നതാണ് നമ്പർ തരുമോ? വിളിച്ച് വെറുപ്പിക്കില്ല എന്നൊക്കെ ലാൽ സാറിനോട് പറഞ്ഞു. ഞാൻ തിരിച്ച് വിളിച്ച് വെറുപ്പിക്കും അതുകൊണ്ടാണ് നമ്പർ തരാത്തത് എന്നാണ് ലാൽ സാർ ആ ആന്റിക്ക് കൊടുത്ത മറുപടി.
ശേഷമാണ് അദ്ദേഹം എന്നോട് ചോദിച്ചത് നിനക്ക് എന്റെ നമ്പർ വേണോയെന്ന്. ഞാൻ വേണമെന്ന് പറഞ്ഞപ്പോൾ അയ്യടാ... അങ്ങനെ ഇപ്പോൾ വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നമ്പർ നൈസായി ചോദിക്കാമെന്നാണ് കരുതി. പിന്നെ ഇനിയും സമയമുണ്ടല്ലോ. സിനിമയിലെ എന്റെ ഡയലോഗ് ഡെലിവറി കുറച്ച് കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നി. എന്ത് ചെയ്താലും സംതൃപ്തിയില്ലാത്ത ആളാണ് താനെന്നും അമൃത വർഷിണി പറയുന്നു.
thudarum fame amrithavarshini revealed mohanlal