(moviemax.in) സൂരി നായകനായ മാമൻ എന്ന തമിഴ് ചിത്രം കേരളത്തിലും റിലീസിനൊരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ പ്രചാരണപരിപാടികൾക്കായി സൂരിയും നടിമാരായ സ്വാസിക, ഐശ്വര്യ ലക്ഷ്മി, സംഗീത സംവിധായകൻ ഹെഷാം അബ്ദുൾ വഹാബ് എന്നിവർ കഴിഞ്ഞദിവസം കേരളത്തിലെത്തിയിരുന്നു. ഈ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നത് ഉണ്ണി മുകുന്ദനായിരുന്നു. 'മാമൻ' ടീമിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവേ സൂരിയേക്കുറിച്ച് വികാരഭരിതനായി ഉണ്ണി മുകുന്ദൻ പറഞ്ഞവാക്കുകൾ ശ്രദ്ധനേടുകയാണ്.
കഴിഞ്ഞവർഷം ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്ത ഗരുഡൻ എന്ന ചിത്രത്തിൽ സൂരിയും ഉണ്ണി മുകുന്ദനും ഒരുമിച്ചഭിനയിച്ചിരുന്നു. ശശികുമാറായിരുന്നു മറ്റൊരു പ്രധാനവേഷത്തിൽ. ചിത്രത്തിൽ സൂരി നായകനും ഉണ്ണി മുകുന്ദൻ വില്ലനുമായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് തങ്ങൾ പരിചയപ്പെട്ടതെന്ന് ഉണ്ണി പറഞ്ഞു. തുടർന്ന് താൻ നായകനായ മാർക്കോ തമിഴിൽ റിലീസ് ചെയ്യുന്ന അവസരത്തിൽ സൂരി വലിയൊരു ആശംസാ സന്ദേശം അയച്ചെന്നും അങ്ങനെയൊന്നും തന്നോടാരും ഇതുവരെ ചെയ്തിട്ടില്ലെന്നും ഉണ്ണി പറഞ്ഞു.
"എന്റെ വ്യക്തിപരമായ ഒരനുഭവം പറയാം. എനിക്ക് പുള്ളിയോടുള്ള താത്പര്യം എന്തുകൊണ്ടാണെന്ന് ഞാൻ പറയാം. മാർക്കോ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് എങ്ങനെ പ്രൊമോട്ട് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുന്ന സമയമാണ്. മലയാളത്തിലും ഹിന്ദിയിലും ചിത്രം റിലീസായി. പെട്ടന്നൊരു ദിവസം നോക്കുമ്പോൾ എനിക്കൊരു വീഡിയോ മെസേജ് വന്നു. തമിഴിൽ സിനിമ റിലീസാവുന്ന സമയത്ത് സൂരി സാർ ആശംസയറിയിച്ച് അയച്ചതായിരുന്നു. അദ്ദേഹത്തെ ഞാൻ മാർക്കോയുമായി ബന്ധപ്പെട്ട് വിളിക്കുകയോ കണ്ടിട്ടോ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടുമില്ല.
എന്റെ അനിയന്റെ ഒരു സിനിമ തമിഴിൽ റിലീസ് ആവുകയാണ്. ഈ സിനിമ എല്ലാവരും കാണണമെന്നുപറഞ്ഞാണ് അദ്ദേഹം മെസേജ് അയച്ചത്. എന്റെ ജീവിതത്തിൽ എന്നോട് ഇങ്ങനെ ആരും ചെയ്തിട്ടില്ല. പക്ഷേ നിങ്ങളത് ചെയ്തു. അതെനിക്ക് മറക്കാൻ പറ്റില്ല. എന്നെ സംബന്ധിച്ച് മാമൻ എന്ന സിനിമ വലിയ ഹിറ്റാവണമെന്ന് ആഗ്രഹിക്കുകയാണ്." ഉണ്ണി മുകുന്ദന്റെ വാക്കുകൾ.
പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമൻ. നടൻ സൂരി തന്നെയാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നതും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. അതേസമയം സംവിധാനരംഗത്തേക്ക് കടക്കാനൊരുങ്ങുകയാണ് ഉണ്ണി മുകുന്ദൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന് മിഥുൻ മാനുവൽ തോമസാണ് തിരക്കഥയൊരുക്കുന്നത്. സൂപ്പർ ഹീറോ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
maman movie promotion unnimukundan soori