ആവേശം എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുത്ത നടനാണ് മിഥൂട്ടി എന്ന മിഥുൻ സുരേഷ്. രംഗണ്ണന്റെ പിള്ളേരെ വിറപ്പിച്ച് കയ്യടി നേടിയ കുട്ടേട്ടൻ എന്ന കഥാപാത്രത്തെയാണ് മിഥുൻ അവതരിപ്പിച്ചത്. മിഥുന്റെ വിവാഹം ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ പാർവതിയാണ് മിഥുന്റെ ഭാര്യ.
രണ്ട് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ആ പ്രണയത്തെ കുറിച്ച് പറയുകയാണ് ഇരുവരും. 'ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു. രണ്ട് വർഷം പ്രണയിച്ചു. അടുത്ത സുഹൃത്തുക്കൾക്ക് മാത്രമെ അറിയാമായിരുന്നുള്ളൂ. തിരുവനന്തപുരം സൂവിൽ വച്ചായിരുന്നു ആദ്യമായി ഞങ്ങൾ കാണുന്നത്. പിന്നീട് ഫ്രണ്ട്സ് ആയി. അങ്ങനെ ഒരു ദിവസം തൃശൂർ പൂരം കണ്ടിട്ടുണ്ടോന്ന് ചേട്ടന്‍ ചോദിച്ചു. ഞാൻ ടിവിയിൽ കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞത്.
അടുത്ത വർഷം നമുക്ക് ഒന്നിച്ച് കൂടാമെന്നും പറഞ്ഞു. എനിക്കത് മനസ്സിലായില്ല. അതെന്താന്ന് ചോദിച്ചപ്പോഴാണ് എന്നെ പ്രപ്പോസ് ചെയ്തതാണെന്ന് മനസിലായത്. കല്യാണത്തിന് മുൻപായിരുന്നു ഇത്തവണത്തെ പൂരം. അടുത്ത തവണ ഇനി ഒരുമിച്ച് കാണാം', എന്ന് പാർവതി പറയുന്നു.
പ്രണയ കാര്യം ആദ്യം വീട്ടിൽ പറഞ്ഞപ്പോൾ ചെറിയ വിഷയമുണ്ടായിരുന്നു. പിന്നെ പുള്ളിക്കാരിയെ കണ്ട് പരിചയപ്പെട്ട് വന്നപ്പോൾ നല്ല കുട്ടിയാണെന്ന് അവർക്ക് മനസിലായെന്ന് മിഥൂട്ടി പറയുന്നു. വിവാഹ വീഡിയോയ്ക്ക് താഴേ വന്ന നെഗറ്റീവ് കമന്റുകളേ കുറിച്ചുള്ള ചോദ്യത്തിന്, 'ഞങ്ങൾ തമ്മിൽ ഒൻപത് വയസിന്റെ വ്യത്യാസം ഉണ്ട്. അവൾക്ക് 23 എനിക്ക് 32. പ്രായ വ്യത്യാസം ഒന്നും പ്രശ്നമായി ഞങ്ങൾക്ക് തോന്നിയിട്ടില്ല. പൊക്കം കുറവാണെന്നൊന്നും ആരും പറഞ്ഞുമില്ല, അത് വിഷയവുമല്ല.
നന്നായി ജീവിക്കണമെന്നും സന്തോഷത്തോടെ ഇരിക്കണമെന്നും മാത്രമെ പറഞ്ഞുള്ളു. മറ്റുള്ളവർ പറയുന്നതൊന്നും കാര്യമാക്കാറുമില്ല. പറയുന്നവർ പറഞ്ഞോട്ടേ. നമ്മളെന്തിനാണ് അതൊക്കെ ശ്രദ്ധിക്കുന്നത്. ഞങ്ങൾ തമ്മിലല്ലേ ജീവിക്കുന്നത്', എന്നാണ് ഇരുവരും മറുപടി പറഞ്ഞത്.
actor midhunsuresh wife parvathy about love story