( moviemax.in) അക്ഷയ തൃതീയ ദിനത്തില്‍ ഒരു അപൂർവ വിവാഹത്തിന് സാക്ഷ്യം വഹിച്ച് മധ്യപ്രദേശിലെ രാജ്ഗഢ് ജില്ല. ബിയോറ ടൗണിലാണ് സംഭവം. വിവാഹത്തിന് തൊട്ടുമുന്‍പ് വധുവിന്‍റെ ആരോഗ്യനില മോശമായെങ്കിലും, ശുഭമുഹൂർത്തം നഷ്ടപ്പെടുത്താതെ കുടുംബം ആശുപത്രിയെ വിവാഹവേദിയാക്കി മാറ്റി. ആദിത്യ സിംഗിന്‍റെയും നന്ദിനിയുടെയും വിവാഹം അക്ഷയ തൃതീയ ദിനത്തിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, വിവാഹത്തിന് അഞ്ച് ദിവസം മുൻപ്, ഏപ്രിൽ 24 ന് നന്ദിനിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായി. നന്ദിനിയെ ബിയോറയിലെ പഞ്ചാബി നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
അക്ഷയ തൃതീയ ഹിന്ദു ആചാരപ്രകാരം ഏറ്റവും ശുഭകരമായ ദിവസങ്ങളിൽ ഒന്നായതിനാൽ വിവാഹം നടത്താൻ സാധിക്കാത്തതിൽ കുടുംബം നിരാശയിലായിരുന്നു. നന്ദിനിക്ക് ദീർഘനേരം ഇരിക്കാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞതിനാൽ, വരന്‍റെ കുടുംബം നന്ദിനിയോടും കുടുംബത്തോടും അഭിപ്രായം ചോദിച്ച ശേഷം ആശുപത്രിയിൽ വെച്ച് തന്നെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.
വിവാഹദിവസം ആദ്യത്യ സിംഗ് വാദ്യഘോഷങ്ങളോടും വിവാഹഘോഷയാത്രയോടും കൂടി തന്നെ നഴ്സിംഗ് ഹോമിലെത്തി. ആശുപത്രിയിൽ ഒരു ചെറിയ മണ്ഡപം ഒരുക്കി ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു. വരൻ വധുവിനെ കൈകളിലെടുത്ത് ഏഴ് പ്രദക്ഷിണം വെച്ച ഏറ്റവും മനോഹരമായ നിമിഷത്തിനും ആശുപത്രി സാക്ഷിയായി. വരൻ താലി കെട്ടുമ്പോൾ പോലും വധുവിന് നിൽക്കാൻ കഴിയാത്തതിനാൽ ഒരു സ്ത്രീ നന്ദിനിയെ താങ്ങിനിർത്തുകയായിരുന്നു. വിവാഹത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
bride couldn't sit still for long groom finally did rare wedding