തെന്നിന്ത്യന്‍ സിനിമയിലെ ഐക്കോണിക് ഫിഗറുകളിലൊന്നാണ് രഘുവരന്‍. നടനായും വില്ലനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളും സിനിമകളും നിരവധിയാണ്. വില്ലന്‍ വേഷങ്ങളാണ് തേടിയെത്തിയവയില്‍ കൂടുതലെങ്കിലും നായകനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്.
വളരെ ചെറിയ പ്രായത്തിലാണ് രഘുവരന്‍ മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ വിടവ് സിനിമാ ലോകത്ത് ഇന്നും അതുപോലെ അവശേഷിക്കുന്നു. ഇപ്പോഴിതാ രഘുവരന്റെ സിനിമാ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
രഘുവരന്‍ നേരത്തെ മരിക്കാന്‍ കാരണം അദ്ദേഹത്തിന്റെ ദുശ്ശീലങ്ങളായിരുന്നുവെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
രഘുവരന്‍ എന്ന അതുല്യനടന്റെ അഭിനയസിദ്ധിയെപ്പറ്റി അറിയാത്തവര്‍ സൗത്ത് ഇന്ത്യയില്‍ ഉണ്ടാകില്ല. അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയം പഠിച്ചിറങ്ങിയ രഘുവരന് അഭിനയം ഒരു തപസ്യയായിരുന്നു. അതിനുള്ള അവസരങ്ങള്‍ അന്വേഷിച്ച ആരംഭകാലത്ത് ധാരാളം കൈപ്പേറിയ അനുഭവങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. ആറടി ഒരിഞ്ച് പൊക്കമുള്ള തനിക്ക് നായികയെ എവിടെ നിന്നും കിട്ടാനാണ് എന്ന് കളിയാക്കവരുണ്ട്.
കൊയമ്പത്തൂരില്‍ ജനിച്ച് വളര്‍ന്ന പാലക്കാട് കൊല്ലംകോട്ടുകാരന്‍ വേലായുധന്‍ നായരുടെ മകനാണ് രഘുവരന്‍. പണമുണ്ടാക്കാനല്ല, അഭിനയിക്കാനുള്ള അഭിനിവിശേമാണ് അദ്ദേഹത്തെ ഈ രംഗത്ത് നയിച്ചത്. ആരംഭകാലത്ത് ആള്‍ക്കൂട്ടത്തില്‍ ഒരാളായി പോലും താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
അഭിനയം പഠിച്ചിറങ്ങി അവസരങ്ങള്‍ക്ക് വേണ്ടി അലഞ്ഞപ്പോള്‍ അത് കിട്ടുക എളുപ്പമല്ലെന്ന് മനസിലാക്കി. തുടര്‍ന്ന് ചെന്നൈ കിങ്‌സ് എന്ന നാടക കമ്പനിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ആ നാടക കമ്പനിയില്‍ അന്ന് തമിഴിലെ പ്രശസ്ത നടന്‍ നാസറും ഉണ്ടായിരുന്നു. മൂന്നാല് വര്‍ഷം രഘുവരന്‍ ആ നാടക കമ്പനിയിലെ അഭിനേതാവായിരുന്നു. നാടക കമ്പനിയില്‍ നിന്നും സിനിമയിലേക്കുള്ള എന്‍ട്രി കുറിച്ചുകൂടി എളുപ്പമായിരുന്നു. തമിഴ് ചിത്രങ്ങളില്‍ മോശമല്ലാത്ത വേഷങ്ങള്‍ കിട്ടിത്തുടങ്ങി.
സംസാരം അത് മിന്‍സാരം എന്ന തമിഴ് ചിത്രത്തിലെ രഘുവരന്റെ അഭിനയം ശ്രദ്ധ നേടുകയും ആ ചിത്രം ഹിറ്റാവുകയും ചെയ്തു. തുടര്‍ന്ന് കുറച്ച് ചിത്രങ്ങളില്‍ നായകനായും അല്ലാതേയും അഭിനയിച്ചു. എങ്കിലും രഘുവരന്‍ കൂടുതല്‍ തിളങ്ങിയത് വില്ലന്‍ വേഷങ്ങള്‍ ചെയ്ത് തുടങ്ങുന്നതോടെയാണ്.
രഘുവരന്റെ ആകാരഭംഗിയും അഭിനയ മികവും ശബ്ദഗാംഭീര്യവുമൊക്കെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മുഖം സമ്മാനിച്ചു. തടിയില്ലാത്ത, ഉയരമുള്ള, മുഖത്ത് മീശയും മറുകുമില്ലാത്ത വില്ലന്‍. മലയാളികള്‍ക്കിടയില്‍ പ്രശസ്തി നേടിക്കൊടുത്തത് മുതല്‍വനും ബാഷയുമാണ്. രജനീകാന്തിന് രഘുവരനോട് പ്രത്യേക സ്‌നേഹവും അടുപ്പവും ഉണ്ടായിരുന്നു.
രജിനി തന്റെ പല ചിത്രങ്ങളിലും രഘുവരനെ കൂടെ ഉള്‍ക്കൊള്ളിച്ചു. പ്രാധാന്യമുള്ള വേഷങ്ങള്‍ നല്‍കി. എന്നാല്‍ കമല്‍ഹാസന്‍ ചിത്രങ്ങളില്‍ നിന്നും രഘുവരനെ പലപ്പോഴും അകറ്റിനിര്‍ത്തുകയാണ് ചെയ്തത്. അതേക്കുറിച്ച് ചില മീഡിയയിലൂടെ കേള്‍ക്കാന്‍ സാധിച്ചത് അഭിനയ മത്സരത്തില്‍ തന്നെ ഓവര്‍ ടേക്ക് ചെയ്യുമോ എന്ന ഭയമാണ് എന്നാണ്.
ഫിലോസഫിയേയും ഏകാന്തതയേയും ഇഷ്ടപ്പെട്ട രഘുവരന്‍ പതിയെ ലഹരിയ്ക്ക് അടിമയായി. 1996ലാണ് രഘുവരനും രോഹിണിയും തമ്മിലുള്ള വിവാഹം. ഏതാണ്ട് എട്ട് വര്‍ഷം നീണ്ടു നിന്ന ആ ദാമ്പത്യം വേര്‍പിരിയാനുള്ള കാരണം ലഹരി തന്നെയായിരുന്നു. ഇതിനിടെയില്‍ അവര്‍ക്കൊരു ആണ്‍കുഞ്ഞ് പിറന്നു.
മരിക്കുന്നതിന് പത്ത് ദിവസം മുമ്പ് മകനെ കാണാന്‍ വന്നിരുന്നുവെന്നാണ് രോഹിണി പറയുന്നത്. തിരിച്ചു പോകാന്‍ നേരം രോഹിണിയെ ചേര്‍ത്തു പിടിച്ച് നീയും എന്റെ കുഞ്ഞാണ് എന്ന് പറഞ്ഞു. രഘുവരന്‍ ആശുപത്രിയില്‍ മരണവുമായി മല്ലിടുമ്പോഴും ആ വിവരം രോഹിണിയോട് പറഞ്ഞിരുന്നില്ല.
രോഹിണിയോട് പറഞ്ഞിരുന്നത് ഹൈദരാബാദിലാണെന്നാണ്. ആശുപത്രിയിലാണെന്ന കാര്യം രോഹിണിയെ അറിയിക്കരുതെന്ന് ആശുപത്രിക്കാരോടും പറഞ്ഞിരുന്നു. 2008 മാര്‍ച്ച് 19നാണ് അദ്ദേഹം വിട പറയുന്നത്. മരണം ഹൃദയാഘാതം മൂലമാണെങ്കിലും അതിലേക്ക് നയിച്ചത് കടുത്ത പ്രമേഹ രോഗിയായ രഘുവരന്റെ അമിത മദ്യപാനം തന്നെയാണ്. 49 വയസ് മാത്രമുള്ളപ്പോഴാണ് രഘുവരന്‍ മരിക്കുന്നത്.
#Even struggling #death #information #Rohini #Raghuvaran #came #hugged #before #died
































.jpg)
