Mar 18, 2025 09:14 AM

ആരോ​ഗ്യകാര്യത്തിൽ വലിയ ശ്രദ്ധ നൽകുന്ന നടനാണ് മമ്മൂട്ടി. മോളിവുഡിൽ ഫിറ്റ്നെസ് ഫ്രീക്കായ നടൻമാർ ഇന്നൊരുപാടുണ്ടെങ്കിൽ ഏറെക്കാലം മുമ്പേ മമ്മൂട്ടി ഇക്കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്നുണ്ട്. ‍ഡയറ്റിം​ഗിലാണ് മമ്മൂട്ടി വലിയ ശ്രദ്ധ നൽ‌കാറ്. പ്രായം 73 ആണെങ്കിലും ഇന്നും മമ്മൂ‌ട്ടി കാഴ്ചയിൽ മധ്യ വയസ്കനാണ്.

ഈ പ്രശംസകൾ മറ്റാരെയും പോലെ മമ്മൂട്ടി ഇഷ്ടപ്പെടുന്നുമുണ്ട്. കരിയറിൽ ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ആരോ​ഗ്യകാര്യങ്ങൾ മമ്മൂ‌ട്ടി ശ്രദ്ധിച്ച് തുടങ്ങിയത്. ഒരു കാലത്ത് കടുത്ത പുകവലിക്കാരനായിരുന്നു മമ്മൂട്ടി. പുകവലി നിർത്തിയതിനെക്കുറിച്ച് പിന്നീടൊരിക്കൽ മമ്മൂട്ടി തുറന്ന് സംസാരിച്ചിട്ടുണ്ട്.

ഇത് ചെയ്യണം ചെയ്യരുത് എന്ന് തീരുമാനിക്കാറുള്ള വിൽ പവർ എനിക്കുണ്ട്. പലർക്കും വേണ്ടത് അതാണ്. വേണ്ടെന്ന് വെക്കാനാണ് നമ്മളിൽ പലർക്കും ശക്തിയില്ലാത്തത്. നേട്ടങ്ങളേക്കാൾ ഉപേക്ഷിക്കലാണ് ശക്തി. ഞാൻ തള്ളിക്കളഞ്ഞ എന്റെ ഏറ്റവും പ്രിയപ്പെട്ട കാര്യം പുകവലിയായിരുന്നു. പുകവലിക്കുന്നത് ആർക്കും നല്ലതല്ല.

നമ്മുടെ ശരീരത്തിന് ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് അഭിപ്രായം ചോദിക്കാതെ കടത്തി വിടുന്നത്. നമുക്ക് ജീവിക്കാൻ പുക വേണ്ട. ആഹാര പദാർത്ഥങ്ങൾ മതിയെന്ന് മമ്മൂട്ടി അന്ന് വ്യക്തമാക്കി. ​ഗ്ലാമറിനെ ബാധിച്ചത് കൊണ്ടാണോ പുകവലി നിർത്തിയതെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ഞാൻ സി​ഗരറ്റ് വലിക്കുന്നത് മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ട്. അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നിയെന്ന് മമ്മൂട്ടി അന്ന് വ്യക്തമാക്കി. മമ്മൂട്ടിയുടെ ഫിറ്റ്നെസിനെക്കുറിച്ച് താരത്തിന്റെ ട്രെയിനർ ബിബിൻ സേവ്യർ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. വർക്കൗ‌ട്ട് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുന്ന നടനാണ് മമ്മൂട്ടിയെന്ന് ട്രെയിനർ അന്ന് പറഞ്ഞു. വീട്ടിൽ എല്ലാ സൗകര്യങ്ങളുമുള്ള ജിം ഉണ്ട്. എല്ലാ എക്വുപ്മെന്റ്സുമുണ്ടെന്നും ട്രെയിനർ അന്ന് വ്യക്തമാക്കി.

നടി സീനത്ത് ഒരിക്കൽ മമ്മൂട്ടിയുടെ ഭക്ഷണ രീതിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സെറ്റിൽ ഒരിക്കൽ മമ്മൂക്ക ഭക്ഷണം കഴിക്കുന്ന രീതി ഞാൻ നോക്കി. അദ്ദേഹത്തിന്റെ കുക്ക് വന്ന് എല്ലാ ഭക്ഷണവും വിളമ്പി. എന്നാൽ മമ്മൂക്ക വലിച്ച് വാരി കഴിക്കുന്നില്ല.

ബീഫ് ഒരു കഷ്ണമെടുത്ത് കുടയും. ഇഷ്ടമുള്ളത് കഴിക്കുന്നുണ്ടെങ്കിലും അമിതമായി നടൻ ഭക്ഷണം കഴിക്കുന്നില്ലെന്ന് സീനത്ത് അന്ന് പറഞ്ഞു. ഇഷ്ടമുള്ളതെന്തും കഴിക്കും, പക്ഷെ ഇഷ്ടമുള്ള അത്രയും കഴിക്കാറില്ലെന്ന് ഒരിക്കൽ മമ്മൂട്ടിയും പറയുകയുണ്ടായി.

മമ്മൂട്ടിയുടെ ഭക്ഷണ രീതിയെക്കുറിച്ച് നടൻ സുരേഷ് കൃഷ്ണ ഒരിക്കൽ സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഭക്ഷണ ക്രമം കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. ഇത്രയും പെെെസയും ജോലിക്കാരുമുണ്ട്. എന്നാൽ പോലും കഴിക്കുന്നത് കുറച്ച് ഇല പുഴുങ്ങിയതും കപ്പലണ്ടി പുഴുങ്ങുയതുമൊക്കെയാണെന്ന് സുരേഷ് കൃഷ്ണ അന്ന് പറഞ്ഞു. താൻ കർശനമായി ഡയറ്റ് നോക്കുന്ന ആളല്ലെന്നാണ് മമ്മൂട്ടി ഒരിക്കൽ പറഞ്ഞത്.

മമ്മൂട്ടിയെക്കുറിച്ച് പ്രചരിച്ച തെറ്റായ വാർത്ത

കഴിഞ്ഞ ​ദിവസമാണ് മമ്മൂട്ടിക്ക് കുടലിൽ ക്യാൻസർ സ്ഥിരീകരിച്ചെന്ന വാർത്ത പ്രചരിച്ചത്. ഏവരെയും ആശങ്കപ്പെടുത്തിയ അഭ്യൂഹമായിരുന്നു ഇത്. ഷൂട്ടിം​ഗിൽ നിന്ന് നടൻ മാറി നിൽക്കുന്നതിന് കാരണം ഇതാണെന്നും വാദം വന്നു.

എന്നാൽ അഭ്യൂഹങ്ങൾ തള്ളി മമ്മൂട്ടിയുടെ പിആർ ടീം രം​ഗത്ത് വന്നു. മമ്മൂട്ടിയുടെ ആരോ​ഗ്യത്തിന് കുഴപ്പമില്ല. റമദാനിൽ നോമ്പുള്ളതിനാൽ ഇപ്പോൾ വെക്കേഷനിലാണ് അദ്ദേഹം. ഷൂട്ടിം​ഗുകളിൽ നിന്നും മാറി നിൽക്കുന്നു. ബ്രേക്ക് കഴിഞ്ഞ് മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിം​ഗിന് തിരിച്ചെത്തുമെന്ന് പിആർ ടീം വ്യക്തമാക്കി. അഭ്യൂഹങ്ങൾ അവസാനിച്ചതിൽ ആരാധകരും സന്തോഷത്തിലാണ്. എല്ലാ വർഷവം റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി.

കരിയറിലെ തിരക്കുകൾ

ഒന്നിന് പിറകെ ഒന്നായി സിനിമകളുമായി തിരക്കുകളിലാണ് മമ്മൂട്ടി. മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്. റമദാൻ‌ മാസം കഴിഞ്ഞ് മമ്മൂ‌ട്ടി സെറ്റിലേക്ക് തിരിച്ചെത്തും. മൾട്ടി സ്റ്റാർ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും 16 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്.

നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ഏപ്രിൽ 10 ന് ബസൂക്ക തിയറ്ററുകളിലെത്തും.

ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന സിനിമയാണിത്. നവാ​ഗതനായ ഡീനോ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ ചിത്രമാണ് ബസൂക്ക. ഡ‍ൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ആണ് മമ്മൂട്ടിയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. ​ഗൗതം മേനോൻ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

മമ്മൂട്ടിയും വിനായകനും പ്രധാന വേഷം ചെയ്യുന്ന കളങ്കാവൽ എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്ന് സൂചനയുണ്ട്. ജിതിൻ കെ ജോസാണ് സംവിധായകൻ. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ​ഹൗസായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ഈ പ്രൊഡക്ഷൻ ഹൗസ് നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്.

നിരൂപക പ്രശംസ നേടിയ സിനിമകളായിരുന്നു ഇവയിൽ ഭൂരിഭാ​ഗവും. ഭ്രമയു​ഗമാണ് അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രം. മമ്മൂട്ടി മലയാളത്തിൽ തുടരെ സിനിമകളുമായി മുന്നേറുമ്പോഴും മകൻ ദുൽഖർ സൽമാനെ മലയാള സിനിമകളിൽ കാണുന്നില്ല. കിം​ഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ റിലീസ് ചെയ്ത അവസാന മലയാള സിനിമ.

ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അതേസമയം മറ്റ് ഭാഷകളിൽ ദുൽഖർ സിനിമകൾ തുടരെ ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും തെലുങ്കിൽ. ലക്കി ഭാസ്കറാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച വിജയമായിരുന്നു തെലുങ്കിൽ ലക്കി ഭാസ്കർ. ദുൽഖറിനെ വീണ്ടും മലയാള സിനിമകളിൽ സജീവമായി കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. മമ്മൂട്ടിയെക്കുറിച്ച് മിക്ക അഭിമുഖങ്ങളിലും ദുൽഖർ സൽമാൻ സംസാരിക്കാറുണ്ട്. താൻ ഒരു പ്രൊജക്ട് കഴിഞ്ഞ് അടുത്ത പ്രൊജക്ടിലേക്ക് പോകാൻ സമയമെടുക്കുന്നതിൽ പിതാവിന് അതൃപ്തിയുണ്ടെന്ന് ദുൽഖർ അടുത്തിടെ പറഞ്ഞിരുന്നു.

ഞാൻ കൂടുതൽ വർക്കുകൾ ചെയ്യണമെന്നാണ് അദ്ദേഹം കരുതുന്നത്. ഒരു പ്രൊജക്ട് ചർച്ച ചെയ്യാനും തീരുമാനമെടുക്കാനും ഒരുപാട് സമയമെടുക്കുന്നുണ്ട്. അദ്ദേഹത്തിന് അതൊന്നും മനസിലാകില്ല. നീ നിന്റെ വർക്ക് ചെയ്ത് അടുത്ത വർക്കിലേക്ക് പോകൂയെന്നാണ് പിതാവ് തന്നെ ഉപദേശിച്ചതെന്നും ദുൽഖർ സൽമാൻ വ്യക്തമാക്കി. മമ്മൂട്ടിയുടെ മകനായത് കൊണ്ടാണ് ദുൽഖറിന് തുടരെ അവസരങ്ങൾ ലഭിക്കുന്നതെന്ന് നേരത്തെ വിമർശനം വന്നിരുന്നു.

എന്നാൽ താരപുത്രനായത് കൊണ്ട് മാത്രമല്ല, തന്റെ അധ്വാനവും അതിന് പിന്നിലുണ്ടെന്നാണ് ദുൽഖർ പറയുന്നത്. മലയാളത്തിന് പുറത്ത് മറ്റ് ഭാഷകളിൽ ദുൽഖർ സൽമാൻ സ്ഥാനം നേടിയെടുത്തത് സ്വന്തം പ്രയത്നം കൊണ്ടാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. മമ്മൂട്ടിയും ദുൽഖർ സൽമാനും ഒരുമിച്ചെത്തുന്ന പ്രൊജക്ട് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇതുവരെയും ഇങ്ങനെയൊരു സിനിമ വന്നിട്ടില്ല.

#mammootty #particular #about #his #diet #fitness #actor #quit #smoking #years #back

Next TV

Top Stories










News Roundup